മലപ്പുറം: മലപ്പുറത്ത് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിനു സമീപത്തെ വാടക വീട് കേന്ദ്രീകരിച്ചു പെണ്‍വാണിഭം നടത്തിയ ഒരു സ്ത്രീയടക്കം ഏഴു പേരെ മലപ്പുറം എസ്ഐ ടി.എസ് ബിനുവും സംഘവും അറസ്റ്റു ചെയ്തു.
രഹസ്യവിവരത്തെത്തുടർന്നു വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനാണ് സംഭവം. മേൽമുറി പറന്പൻവീട്ടിൽ ഷംസുദീൻ (32), നടുത്തൊടി വീട്ടിൽ അബ്ദുൾ അലി (34), ചെറുകുളന്പ് മൂടേരി രാജൻ (34), വലിയങ്ങാടി പള്ളിക്കൽ മുജീബ് റഹ്മാൻ (45), ചെറുകുളന്പ് മങ്കരത്തൊടി ശിഹാബ് (37), നീലഗിരി എരുമാട് കരിങ്ങലേരി ചന്ദ്രൻ (63) എന്നിവരും പരപ്പനങ്ങാടി സ്വദേശിനിയും മലപ്പുറത്തിനടുത്തു കോഡൂരിൽ താമസിക്കുന്ന നാൽപ്പതുകാരിയുമാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നു ചന്ദ്രന്റെ വാടകവീട്ടിൽ നിന്നാണ് സംഘം പിടിയിലായത്. ഇടക്കിടെ വാഹനങ്ങളിൽ ആളുകൾ വരുന്നതും പോകുന്നതും സമീപവാസികളിൽ ശ്രദ്ധയിൽപ്പെട്ടതോടെ സംശയത്തിനിടയാക്കിയിരുന്നു.
ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്നു മലപ്പുറം പോലീസ് എത്തി വീട് വളഞ്ഞാണ് സംഘത്തെ പിടികൂടിയത്. സിനീയർ സിപിഒ ഫിറോസ് ഖാൻ, സിപിഒമാരായ ശാർമിള, മുഹമ്മദ് ശാക്കിർ, അബ്ദുള്ള ബാബു, അബ്ബാസ്, ഋഷികേശ് എന്നിവർ ചേർന്നാണ് പെണ്‍വാണിഭ സംഘത്തെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളിൽ ആറു പേർക്കു ജാമ്യം ലഭിച്ചു.