കായംകുളം: അഞ്ചാംക്ലാസ് വിദ്യാർഥിനിയെ സ്കൂളിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കായംകുളം പോലീസ് അന്വേഷണം ഉൗർജിതമാക്കി.
കഴിഞ്ഞ ദിവസം വൈകുന്നേരം എസ്എൻ സെൻട്രൽ സ്കൂളിലാണു സംഭവം. വൈകുന്നേരം സ്കൂൾവിട്ടു വീട്ടിലേക്കു പോകാൻ വണ്ടിയിൽ കയറാൻ ശ്രമിക്കുന്പോൾ ലഞ്ച് ബോക്സ് മറന്നതു കുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടു. ഇതെടുക്കാൻ തിടുക്കത്തിൽ സ്കൂളിലേക്കു തിരികെ പോയപ്പോൾ സ്കൂളിന്റെ മുകളിലത്തെ നിലയിൽവച്ചു ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പിന്നിൽനിന്ന് ഒരാൾ വായ് പൊത്തിപ്പിടിക്കുകയായിരുന്നു. പിടിത്തത്തിൽ ഭയന്നുപോയ കുട്ടിക്കു നിലവിളിക്കാൻ പോലും കഴിഞ്ഞില്ല. തുടർന്ന് അക്രമിയുടെ പോക്കറ്റിൽനിന്ന് എന്തോ താഴെ വീഴുകയും ഇതെടുക്കാൻ ശ്രമിക്കുന്പോൾ കുട്ടി കുതറി ഓടി രക്ഷപ്പെടുകയുമായിരുന്നു. പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ഭയന്നുപോയതിനാൽ വണ്ടിയിൽ മറ്റാരോടും സംഭവം പറഞ്ഞില്ല. വീട്ടിലെത്തിയ കുട്ടി അമ്മയോടാണു കാര്യം പറഞ്ഞത്.
എന്നാൽ, വിവരം സ്കൂൾ അധികൃതരെ അറിയിച്ചപ്പോൾ വേണ്ടത്ര ഗൗരവം നൽകിയില്ലെന്നു കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. സ്കൂൾ അധികൃതർ കുട്ടിയുടെ വീട്ടിൽ രാത്രിയോടെ എത്തുകയും സംഭവം ചോദിച്ചറിഞ്ഞ ശേഷം പോലീസിൽ പരാതി നൽകേണ്ടെന്നും സ്കൂളിൽനിന്നുതന്നെ അന്വേഷണം നടത്താമെന്നു പറയുകയും ചെയ്തുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
എന്നാൽ, യാതൊരു നടപടിയും ഉണ്ടാകാത്തതിനെത്തുടർന്ന് വീട്ടുകാർ കായംകുളം ഡിവൈഎസ്പിക്കു പരാതി നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം കൊല്ലം കുളത്തൂപ്പുഴയിൽ പീഡനത്തിനിരയായ ബാലിക കൊല്ലപ്പെട്ട സാഹചര്യത്തിൽ ചൈൽഡ് പ്രൊട്ടക്ടഡ് ടീം അടക്കമുള്ള സംഘടനകൾ വിഷയത്തിൽ ഗൗരവമായി ഇടപെട്ടിട്ടുണ്ട്.