ചാലക്കുടി: ചാലക്കുടിയിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കറെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അങ്കമാലി സ്വദേശി ജോണി രാജ്യം വിട്ടെന്നു സൂചന. കേസിലെ മുഖ്യ സൂത്രധാരനെന്നു കരുതപ്പെടുന്ന ഇയാൾക്ക് മൂന്നു രാജ്യങ്ങളുടെ വീസയുണ്ട്. ഓസ്ട്രേലിയ, യുഎഇ, തായ്ലൻഡ് എന്നീ രാജ്യങ്ങളിലേക്കുള്ള വീസയാണ് ഇയാളുടെ കൈവശമുള്ളത്. ഇയാൾക്കായി വിമാനത്താവളങ്ങളിൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
അങ്കമാലി നായത്തോട് സ്വദേശി വീരംപറന്പിൽ അപ്പുവിന്റെ മകൻ രാജീവി(46)നെയാണ് കഴിഞ്ഞദിവസം തട്ടിക്കൊണ്ടുപോയി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയത്. സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. കൊലപാതകത്തിൽ പ്രമുഖ അഭിഭാഷകനു പങ്കുള്ളതായി പോലീസ് സംശയിക്കുന്നു. പോലീസ് സംരക്ഷണത്തിനായി ഹൈക്കോടതിയിൽ ഹർജി നല്‍കിയയാളാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെയാണ് കൊലപാതകം. രാവിലെ പതിനൊന്നോടെ രാജീവ് പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന സ്ഥലത്തിന്റെ രണ്ട് പറന്പ് അപ്പുറത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിലാണ് മൃതദേഹം കൈകൾ ബന്ധിച്ചനിലയിൽ കണ്ടെത്തിയത്.