ചെന്നൈ: സിനിമാ നടൻ, പ്രശസ്തി, പണം തുടങ്ങിയവകൊണ്ടൊന്നും രാഷ്ട്രീയത്തിൽ വിജയിക്കാനാകില്ലെന്നു തമിഴ് സൂപ്പർതാരം രജനീകാന്ത്. ചെന്നൈയിൽ നടൻ ശിവാജി ഗണേശന്റെ സ്മാരക ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിൽ വിജയിക്കാനുള്ള ഗുണങ്ങൾ തീരുമാനിക്കുന്നത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. നടൻ കമൽഹാസൻ, തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പന്നീർശെൽവം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
നടനിൽനിന്നു രാഷ്ട്രീയക്കാരനിലേക്കു വളരാൻ ഇനിയുമേറെ കാത്തിരിക്കേണ്ടതുണ്ട്. സത്യമായും എനിക്ക് അതിനുള്ള രഹസ്യങ്ങൾ അറിയില്ല. എന്നാൽ കമൽഹാസന് അത് അറിയാമെന്നു തോന്നുന്നു. രണ്ടു മാസം മുന്പായിരുന്നെങ്കിൽ അദ്ദേഹം അത് എന്നോടു പറഞ്ഞേനെ. എന്നാൽ ഇപ്പോൾ അദ്ദേഹം ഒപ്പം കൈപിടിക്കാനാണു പറയുന്നത്- രജനീകാന്ത് തമാശരൂപേന പറഞ്ഞു.
ശിവാജി ഗണേശന്റെ സ്മാരകം ഉദ്ഘാടനം ചെയ്യുന്നതിൽ കാലതാമസം വരുത്തിയ എഡിഎംകെ സർക്കാരിനെ തന്റെ പ്രസംഗത്തിൽ കമൽഹാസൻ വിമർശിച്ചു. രജനികാന്തിന്റെയും കമൽഹാസന്റെയും രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അഭ്യൂഹങ്ങളുയരുന്നതിനിടെയാണ് ഇരുവരും ഒന്നിച്ച് ഒരേ വേദിയിലെത്തിയത്.