കൂരാച്ചുണ്ട്: കക്കയം വിനോദ സഞ്ചാരകേന്ദ്രം സന്ദർശിച്ചു മടങ്ങിയ വിനോദസഞ്ചാരി കൊക്കയിലേക്ക് വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ കടാശേരി ഷൗക്കത്ത് (55) ആണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് 5.30 ഓടെയാണ് സംഭവം.
ഷൗക്കത്തും മൂന്ന് സുഹൃത്തുക്കളും ഡാംസൈറ്റ് സന്ദർശിച്ച് മടങ്ങി വരുമ്പോൾ ഏഴ് കിലോമീറ്റർ കഴിഞ്ഞുള്ള കക്കയംവാലി വെള്ളച്ചാട്ടത്തിനരികിൽ വച്ച് കുരങ്ങിന് ബിസ്കറ്റ് നൽകുന്നതിനിടയിലാണ് കാൽവഴുതി കൊക്കയിലേക്ക് വീണത്.
അൻപതടിയോളം താഴ്ചയുള്ളതിനാൽ കൂടെയുണ്ടായിരുന്നവർക്ക് ഒന്നും ചെയ്യാൻ കഴിയാതെയായി. പലരും കൊക്കയിലിറങ്ങാൻ ശ്രമംനടത്തിയെങ്കിലും സാധിച്ചില്ല. തുടർന്ന് നാട്ടുകാരെത്തി രക്ഷാപ്രവർത്തനത്തിലേപ്പെട്ടു.
പിന്നീട് പേരാമ്പ്ര അഗ്നിശമന സേനാംഗങ്ങളും കൂരാച്ചുണ്ട് പോലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ അതിസാഹസികമായി വടംകെട്ടി കൊക്കയിലിറങ്ങി സ്ട്രെച്ചറിൽ രാത്രി 8.30ഓടെ യാണ് കരക്കുകയറ്റിയത്.
കൊക്കയിൽ വൻ പാറക്കൂട്ടമായിരുന്നെങ്കിലും കാടും വള്ളികളും നിറഞ്ഞയിടത്തേക്ക് വീണതിനാൽ നിസാര പരിക്കുകളേ പറ്റിയുള്ളൂ. അവശനായ ഷൗക്കത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂരാച്ചുണ്ട് എസ്ഐ എ.കെ സജീഷിന്റെ നേതൃത്വത്തിൽ എഎസ്ഐ ബാബു, സിപിഒ സുരേന്ദ്രൻ, സജി അഗസ്റ്റിൻ എന്നിവരും പേരാമ്പ്ര ഫയർസ്റ്റേഷൻ ഇൻചാർജ് എം. പ്രദീപന്റെ നേതൃത്വത്തിൽ പ്രവീൺകുമാർ, സുനിൽ, അബ്ദുൾ സമദ്, അനൂപ്, എൻ.കെ വിജയൻ, കെ.കെ ഗിരീഷ് കുമാർ, യു.കെ രാജീവ് എന്നിവരും നാട്ടുകാരായ ആന്റണി വിൻസെന്റ്, മുജീബ് കോട്ടോല, സുനിൽ പാറപ്പുറം, പത്രോസ് പന്നിവെട്ടുപറമ്പിൽ, റിനോജ് കുറുമുട്ടം, ഷൈജു കാരിവേലിൽ, ഷമീർ പിച്ചൻവീട്, അരുൺ പാറയ്ക്കൽ, സെബാസ്റ്റ്യൻ, വാർഡ് മെംബർ ആൻഡ്രൂസ് കട്ടിക്കാന തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.