മുക്കം: മാലിന്യം അടിഞ്ഞുകൂടി നശിച്ചുകൊണ്ടിരിക്കുന്ന പുഴയെ സംരക്ഷിക്കുകയാണ് ഒരു എഴുപതുകാരൻ. കുറ്റിക്കടവ് വളയന്നൂർ സ്വദേശി പാലക്കൽ അബ്ദുൽ ഖാദറാണ് പ്രായത്തിന്റെ വിഷമതകളില്ലാതെ ചെറുപുഴയെ മാലിന്യമുക്തമാക്കുന്നത്.
ചെറുപുഴയുടെ ഏഴ് പതിറ്റാണ്ടോളമായുള്ള കഥയറിയുന്ന അപൂർവം ആളുകളിൽ ഒരാളാണിദ്ദേഹം. തെളിനീരു പോലെ കാലഭേദമില്ലാതെ ഒഴുകിയിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു ചെറുപുഴയ്ക്ക്. എല്ലാ വീടുകളിലും കിണറില്ലാതിരുന്ന പഴയ കാലത്ത് ഖാദറിന് ജീവജലമായിരുന്നു ചെറുപുഴ.
ഖാദർ കണ്ടു വളർന്ന ഈ പുഴയുടെ അവസ്ഥ ഇന്ന് ഏറെ ദയനീയമാണ്. പ്ലാസ്റ്റിക്കും ഇറച്ചിമാലിന്യങ്ങളും കൊണ്ടുവന്നു തള്ളുന്ന ചെറുപുഴയെ നാട്ടുകാർ കൈയൊഴിഞ്ഞപ്പോഴും അബ്ദുൾഖാദറിന് പുഴയെ അങ്ങനെ കൈ ഒഴിയാൻ ആവുമായിരുന്നില്ല. പുഴയുടെ ഇന്നത്തെ ദുരവസ്ഥ മാറ്റാൻ ഈ വൃദ്ധൻ നടത്തുന്ന ശ്രമങ്ങൾ ഏറെ മാതൃകാപരമാണ്.
സ്വന്തം തോണിയിൽ പുഴയിലൂടെ സഞ്ചരിച്ച് പുഴയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുകയാണ്. കഴിഞ്ഞ കുറേ മാസങ്ങളായി ഇദ്ദേഹം ഈ പ്രവൃത്തി തുടരുകയാണ്.
ഓരോ ദിവസവും പുഴയിൽ നിന്ന് ശേഖരിക്കുന്നത് ആയിരക്കണക്കിന് പ്ലാസ്റ്റിക് കുപ്പികളും മറ്റ് മാലിന്യങ്ങളുമാണ്.
ഒന്പത് ദിവസം കൊണ്ട് ഒരു ക്വിന്റലോളം പ്ലാസ്റ്റിക് കുപ്പികളാണ് ശേഖരിച്ചതെന്നറിയുമ്പോഴാണ് പുഴ അഭിമുഖീകരിക്കുന്ന മാലിന്യ പ്രശ്നത്തിന്റെ ഭീകരത മനസിലാവുക. കഴിഞ്ഞ വർഷവും രണ്ട് ക്വിന്റലോളം പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചിരുന്നു. മുമ്പ് മരം വെട്ടുകാരനായിരുന്ന അബ്ദുൾ ഖാദർ അത് നിർത്തി മത്സ്യബന്ധനത്തിനിറങ്ങുകയായിരുന്നു. ഇതിലൂടെ മക്കളെ നല്ല നിലയിൽ ജീവിക്കാൻ പ്രാപ്തനാക്കിയ ഖാദറിന്റെ പുഴ സ്നേഹത്തിന് നാട്ടുകാരുടെയും പുഴയോരവാസികളുടെയും പ്രോത്സാഹനവുമുണ്ട്.