കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ 84 ദിവസമായി ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന് ഈ ആഴ്ച നിർണായകം. ജാമ്യാപേക്ഷയിൽ വിധി വരുന്നതിനൊപ്പം താരത്തിനെതിരേയുള്ള കുറ്റപത്രം ഇൗമാസം എട്ടിനു മുന്പ് സമർപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
കുറ്റപത്രം കോടതിയിൽ എത്തുന്നതോടെ നടി ആക്രമിക്കപ്പെട്ട കേസിൽ നടന്റെ പങ്കിനെക്കുറിച്ചു വ്യക്തമായ വിവരങ്ങൾ പുറത്തുവരും.കേസിൽ ഇനിയും ചിലരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വരുന്ന ദിവസങ്ങളിൽ ഇതു പൂർത്തിയാക്കും. കുറ്റപത്രം ഈ ആഴ്ച തന്നെ സമർപ്പിക്കും.
നാദിർഷയെ വീണ്ടും വിളിച്ചു വരുത്തുന്ന കാര്യം തീരുമാനിക്കുന്നതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. റിമാൻഡ് റിപ്പോർട്ടിൽ പറയുന്നതും ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷകളിലെ വാദത്തിനിടയിൽ പ്രോസിക്യൂഷൻ ഉന്നയിച്ചതുമായ വിവരങ്ങളും തെളിവുകളും മാത്രമാണ് ഇതുവരെ കേസിൽ പുറത്തു വന്നിട്ടുള്ളൂ.കേസിൽ ദിലീപ് കുറ്റക്കാരനാണെന്ന് ഉറപ്പിക്കാനുള്ള എല്ലാ തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നാണു പോലീസ് പറയുന്നത്. ദിലീപിന്റെ റിമാൻഡ് 90 ദിവസം പൂർത്തിയാക്കുന്ന എട്ടിനു മുൻപ് കുറ്റപത്രം സമർപ്പിക്കാനാണു പോലീസിന്റെ തീരുമാനം.
ഇതുകൂടാതെ, ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച മൂന്നാം ജാമ്യാപേക്ഷയിലെ വിധിയും ഈ ആഴ്ചയുണ്ടായേക്കും. ഹർജിയിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ പൂർത്തിയായിരുന്നു. നാളെ ഈ ഹർജിയിൽ വിധി പറയാനാണു സാധ്യത. നടിയെ ആക്രമിച്ച് അശ്ലീലദൃശ്യം പകർത്താൻ ഒന്നരക്കോടി രൂപയ്ക്ക് ദിലീപ് പൾസർ സുനിക്കു ക്വട്ടേഷൻ നൽകിയതായാണു പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ വാദിച്ചത്.
ഏതെങ്കിലും കാരണവശാൽ പിടിക്കപ്പെട്ടാൽ മൂന്നു കോടി രൂപ സുനിക്കു നൽകാമെന്നു പറഞ്ഞിരുന്നെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസിൽ ദിലീപിന്റെ പങ്കു സുനി വെളിപ്പെടുത്തിയെന്ന സഹതടവുകാരൻ വിപിൻലാലിന്റെ മൊഴിയും പ്രോസിക്യൂഷൻ വായിച്ചു.
കേസിൽ ഇതുവരെ 21 പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ഇനി നാലു സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താനുണ്ട്. ദൃശ്യങ്ങൾ പകർത്തനുപയോഗിച്ച മൊബൈൽ ഫോണ്, മെമ്മറി കാർഡ് കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണ്. മെമ്മറി കാർഡിന്റെ രണ്ടു പകർപ്പുകൾ ലഭിച്ചിട്ടുണ്ട്. ഒന്നിൽ ചിത്രങ്ങളും മറ്റൊന്നിൽ വീഡിയോ ദൃശ്യങ്ങളുമുണ്ട്.
കൂട്ടമാനഭംഗം നിലനിൽക്കുമോയെന്ന സിംഗിൾബെഞ്ചിന്റെ ചോദ്യത്തിനു നിലനിൽക്കുമെന്ന മറുപടിയാണ് പ്രോസിക്യൂഷൻ നൽകിയത്. നടിയെ ആക്രമിച്ച് അശ്ലീലദൃശ്യം പകർത്താൻ ക്വട്ടേഷൻ നൽകിയെന്നാണ് കേസ്. കൂട്ടമാനഭംഗം ക്വട്ടേഷന്റെ പരിണിത ഫലമാണ്. ആ നിലയ്ക്ക് കുറ്റം നിലനിൽക്കും. കേസിൽ നാദിർഷയെ വീണ്ടും ചോദ്യം ചെയ്യേണ്ടിവരുമെന്നും വസ്തുതകൾക്ക് വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നതെന്നുമാണു പ്രോസിക്യൂഷന്റെ വിശദീകരണം.