അഹമ്മദാബാദ്: മീശ വച്ചതിന്റെ പേരിൽ ഗുജറാത്തിൽ രണ്ടു ദളിതരെ രജപുത്ര വിഭാഗക്കാർ ക്രൂരമായി മർദിച്ചു. ഗാന്ധിനഗർ ജില്ലയിലെ ലിംബോദര ഗ്രാമത്തിൽ സെപ്റ്റംബർ 25, 29 തീയതികളിലായാണു സംഭവമുണ്ടായത്.
കൃനാൽ മഹേരിയ(30) എന്ന നിയമവിദ്യാർഥിക്കാണ് സെപ്റ്റംബർ 29നു മർദനമേറ്റത്. ഭരത് സിംഗ് വഗേല എന്നയാളാണ് മഹേരിയയെ മർദിച്ചത്. വെള്ളിയാഴ്ച രാത്രി സുഹൃത്തിനെ സന്ദർശിക്കാനെത്തിയ തന്നെ വഗേലയും മറ്റു ചിലരും തടഞ്ഞുനിർത്തുകയും മീശവച്ചതുകൊണ്ട് രജപുത്രനാകില്ലെന്ന് പറയുകയും ചെയ്തുവെന്നു മഹേരിയ പറഞ്ഞു. രജപുത്ര വിഭാഗക്കാരോടു മറുപടിയൊന്നും പറയാതെ പോയ തന്നെ വഗേല ഇഷ്ടികകൊണ്ട് ഇടിച്ചുവെന്നു മഹേരിയയെ കൂട്ടിച്ചേർത്തു.
ഗാന്ധിനഗർ സിവിൽ ആശുപത്രിയിൽ ചികിത്സ തേടിയ മഹേരിയ ഇന്നലെയാണു വീട്ടിൽ തിരിച്ചെത്തിയത്. ഇദ്ദേഹത്തിന്റെ പരാതിയെത്തുടർന്ന് വഗേലയെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 25നു ലിംബോദര ഗ്രാമത്തിൽ സമാനസംഭവമുണ്ടായി. മീശ വച്ചതിന്റെ പേരിൽ പീയൂഷ് പാർമർ(24) എന്ന ദളിത വിഭാഗക്കാരനെ മേൽജാതിക്കാർ മർദിച്ചു.