ഒരൊറ്റ ചോദ്യം മതി ജീവിതം മാറിമറിയാന്‍ എന്നത് മലയാളത്തിലെ ഒരു ക്വിസ് ഷോയുടെ പരസ്യവാചകമായിരുന്നു. ഇംഗ്ലണ്ടിലെ ഒരു കര്‍ഷകന്റെ ജീവിതം ഒറ്റരാത്രി കൊണ്ട് മാറിമറിഞ്ഞതും ഇതുപോലൊരു സംഭവമാണ്. ചോദ്യത്തിലൂടെയോ ഉത്തരത്തിലൂടെയോ ഒന്നുമല്ല ഇദ്ദേഹത്തിന്റെ ജീവിതം മാറിമറിഞ്ഞത്. നിധി തേടിയിറങ്ങിയ സംഘമാണ് ഇംഗ്ലണ്ടിലെ കര്‍ഷകനായ ഇദ്ദേഹത്തിന്റെ പുരയിടത്തില്‍ നിന്ന് 600 പുരാതന നാണയങ്ങള്‍ കണ്ടെത്തിയത്. റോമന്‍ സാമ്രാജ്യ കാലത്ത് ഉപയോഗിച്ചിരുന്ന നാണയങ്ങളാണ് ഇവ എന്നാണ് കരുതുന്നത്.
അതുകൊണ്ടു തന്നെ 2000 വര്‍ഷത്തോളം പഴക്കവുമുണ്ട് ഇവയില്‍ ഓരോ നാണയത്തിനും. വെറും മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചാണ് മൈക്ക് സ്മൈലും സംഘവും നിധി തേടിയിറങ്ങിയത്. ഈ കൃഷിപ്പാടത്തിലൂടെ കടന്ന് പോകുമ്പോള്‍ ഡിറ്റക്ടര്‍ അമിതമായി ശബ്ദം ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് ഇവിടം കുഴിച്ച് നോക്കാന്‍ അവര്‍ തീരുമാനിച്ചത്. ഉടന്‍ തന്നെ കര്‍ഷകന്റെ അനുവാദം വാങ്ങി കൂടുതല്‍ കുഴിച്ച് തുടങ്ങിയപ്പോഴാണ് ഞെട്ടിക്കുന്ന തരത്തില്‍ ഈ നാണയ ശേഖരം കണ്ടത്. ഓരോ നാണയത്തിനും ഇപ്പോഴത്തെ മൂല്യം അനുസരിച്ച് 900 പൗണ്ട് വരും, അതായത് ഏകദേശം 80,000 ഇന്ത്യന്‍ രൂപ. നാണയം പുരാവസ്തു മ്യൂസിയം അധികൃതര്‍ക്ക് കൈമാറുവാനാണ് ഇരുവരുടേയും പദ്ധതി. ഇങ്ങനെ ലഭിക്കുന്ന പണം മൈക്കും കര്‍ഷകനും തമ്മില്‍ പങ്കിട്ടെടുക്കാനാണ് തീരുമാനം.