മാനഭംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലിലുള്ള ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹി സിംഗിന്റെ ഝാജറിലെ ആശ്രമത്തില്‍ മോഷണം. കംപ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് സാധനങ്ങളും വസ്ത്രങ്ങളുമാണ് പ്രധാനമായും മോഷണം നടന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് ഗുര്‍മീത് ജയിലിലായപ്പോള്‍ അനുയായികള്‍ ഒഴിഞ്ഞുപോയ ആശ്രമത്തിലാണു മോഷണം നടന്നത്. ഈ ആശ്രമത്തില്‍ കാവല്‍ക്കാരനായി ഉണ്ടായിരുന്നയാള്‍, ഗുര്‍മീത് അകത്താവുകയും ശമ്പളം മുടങ്ങുകയും ചെയ്തതോടെ ജോലിക്കു സ്ഥിരമായി വരാറില്ലായിരുന്നുവെന്നു പോലീസ് വ്യക്തമാക്കി.
ദിവസവും രാവിലെയും വൈകിട്ടും ഇവിടെ വന്നു ചുറ്റിനടന്നശേഷം മടങ്ങാറായിരുന്നു പതിവ്. ഇതനുസരിച്ച് ഇന്നു രാവിലെ ആശ്രമത്തില്‍ എത്തിയപ്പോഴാണു വാതിലുകളും ജനലുകളുമെല്ലാം തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. നിലവിലുണ്ടായിരുന്ന ഗാര്‍ഡ് പറഞ്ഞു. ആശ്രമത്തിലെത്തുന്ന വിവിഐപികള്‍ക്ക് പ്രത്യേകം തയാറാക്കിയിരുന്ന മുറികളിലായിരുന്നു മോഷണം. ഇന്‍വര്‍ട്ടര്‍, അതിന്റെ രണ്ടു ബാറ്ററികള്‍, കംപ്യൂട്ടര്‍ മോണിറ്റര്‍, നാലു സിസിടിവി ക്യാമറകള്‍, ആംപ്ലിഫയര്‍, കിടക്കകള്‍, വസ്ത്രം, ചെരുപ്പുകള്‍ തുടങ്ങിയവയാണു പ്രധാനമായും കവര്‍ന്നത്. ആശ്രമത്തിലെ അനുയായികള്‍ക്കു പ്രാര്‍ഥിക്കാനായാണ് ഗുര്‍മീതിന്റെ വസ്ത്രങ്ങളും പാദരക്ഷകളും സൂക്ഷിച്ചിരുന്നത്. ഗുര്‍മീത് ജയിലിലായതോടെ ദേരാ സച്ചാ സൗദയുടെ സിര്‍സയിലെ ആസ്ഥാനമുള്‍പ്പെടെ ഹരിയാനയിലും പഞ്ചാബിലുമുള്ള ആശ്രമങ്ങള്‍ പോലീസ് പൂട്ടി സീല്‍ ചെയ്തിരുന്നു.