ലഹോർ: പാക്കിസ്ഥാനിൽ ആഭ്യന്തര ക്രിക്കറ്റർ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. ഖ്വയദ്-ഇ-അസം ട്രോഫി മത്സരങ്ങൾ നടക്കുന്ന ലാഹോർ ക്രിക്കറ്റ് അസോസിയേഷൻ മൈതാനത്താണ് സംഭവം. ഗുലാം ഹൈദർ എന്ന വലംകൈയൻ ഫാസ്റ്റ് ബൗളറാണ് പെട്രോളൊഴിച്ച് തീകൊളുത്താൻ മുതിർന്നത്.
എന്നാൽ തക്കസമയത്ത് അധികൃതർ ഇടപ്പട്ടെതിനേത്തുടർന്ന് ഇയാളെ പിന്തിരിപ്പിക്കാനായി. മികച്ച പ്രകടനം കാഴ്ച വച്ചിട്ടും തന്നെ അധികൃതർ ലഹോർ ടീമിലുൾപ്പെടുത്താൻ തയാറാകുന്നില്ലെന്നും താൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നയാളായതിനാലാണ് അവഗണനയെന്നും ഗുലാം ഹൈദർ പറഞ്ഞു.
ഒടുവിൽ ടീമിലിടം നൽകണമെങ്കിൽ പണം നൽകണമെന്ന് അധികൃതർ ആവശ്യപ്പെട്ടവെന്നും അയാൾ വെളിപ്പെടുത്തി. ഇതിലുള്ള മനോവിഷമം മൂലമാണ് താൻ ജീവനൊടുക്കാൻ തീരുമാനിച്ചതെന്നും ഗുലാം ഹൈദർ പറഞ്ഞു. ഇനിയും അവഗണന തുടർന്നാൽ ജീവനൊടുക്കുക തന്നെ ചെയ്യുമെന്നും അങ്ങനെ സംഭവിച്ചാൽ പാക്കിസ്ഥാനിലെ ഈസ്റ്റ് സോൺ ക്രിക്കറ്റ് അധികൃതരും ലഹോർ ക്രിക്കറ്റ് അസോസിയേഷനുമായിരിക്കും ഉത്തരവാദികളെന്നും ഹൈദർ പറഞ്ഞു.