സെബി മാളിയേക്കൽ
തൃശൂർ: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആർദ്രം മിഷൻ പദ്ധതിയിൽ തൃശൂർ ജനറൽ ആശുപത്രിയിൽ ഡോക്ടർ പോസ്റ്റുകൾ നാമമാത്രം. ആകെ മൂന്ന ു ഡോക്ടർമാരെയാണ് തൃശൂരിനുമാത്രം അനുവദിച്ചത്. റേഡിയോ ഡയഗ്നോസിസ്-ഒന്ന്, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (സിഎംഒ)-രണ്ട്. സംസ്ഥാനത്തെ ജില്ല, ജനറൽ, താലൂക്ക് ആശുപത്രികളിൽ ഈ പദ്ധതിക്കായി 266 ഡോക്ടർ തസ്തികകൾ സൃഷ്ടിച്ചപ്പോഴാണ് തൃശൂരിനോട് ഈ അവഗണന.
സമീപജില്ലയായ പാലക്കാട് അനുവദിച്ചിരിക്കുന്ന ഡോക്ടർ തസ്തികകളുടെ എണ്ണം 13 ആണ്. ഇതിൽതന്നെ സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങളിൽ എട്ടു പോസ്റ്റുകളുണ്ട്. കാർഡിയോളജിയിൽ ചീഫ് കണ്സൾട്ടന്റുൾപ്പടെ നാലുപേരെയും നെഫ്രോളജിയിൽ മൂന്നുപേരെയും ന്യൂറോളജിയിൽ ഒരാളെയും അനുവദിച്ചിട്ടുണ്ട്.
വിവിധ ടെക്നീഷ്യന്മാരും അറ്റൻഡർമാരും ഉൾപ്പടെ 344 തസ്തികകൾ സൃഷ്ടിച്ചതിൽ തൃശൂർ ജില്ലാ ആശുപത്രിക്കു കിട്ടിയത് വെറും ഒന്പതു തസ്തികകൾ മാത്രമാണ്. ഇതിൽതന്നെ എല്ലാ ജില്ലാ – ജനറൽ ആശുപത്രികൾക്കും കിട്ടിയ മൂന്നു ഡയാലിസിസ് ടെക്നീഷ്യന്മാരെ തൃശൂരിനും കിട്ടിയെന്നു മാത്രം.
ഡോക്ടർമാരും ടെക്നീഷ്യന്മാരും ഉൾപ്പടെ 610 തസ്തികകൾ രൂപീകരിക്കുന്നതായി അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ സെപ്റ്റംബർ 23ന് ഇറക്കിയ സർക്കാർ ഉത്തരവിൽ പറയുന്നു. ആർദ്രം മിഷൻ പദ്ധതിക്കായി 1072 പോസ്റ്റുകൾ വേണമെന്നാവശ്യപ്പെട്ട് ആരോഗ്യവിഭാഗം ഡയറക്ടർ നൽകിയ ശിപാർശയിലാണ് പുതിയ 610 തസ്തികകൾ അനുവദിച്ചത്.