വടക്കഞ്ചേരി: ചരിത്രഗവേഷകർക്ക് വഴികാട്ടിയായി ഇരട്ടസഹോദരങ്ങളുടെ അത്യപൂർവ നാണയ ശേഖരം. പാലക്കാട് കുന്നത്തൂർമേട് ചിറക്കാട് ചിറയത്ത് വീട്ടിൽ ലൈജു-ലിജു സഹോദരങ്ങളാണ് ഇന്ത്യയുടെ 2600 വർഷത്തെ ചരിത്രം പറയുന്ന ചരിത്ര നാണയശേഖരവുമായി ചരിത്രാന്വേഷണ കുതുകികൾക്ക് ആരാധകരായത്.
കഴിഞ്ഞദിവസം വടക്കഞ്ചേരി സെന്റ് ഫ്രാൻസിസ് സ്കൂളിലും ഇവരുടെ നാണയ-കറൻസി പ്രദർശനം സംഘടിപ്പിച്ചിരുന്നു. രണ്ടുമിനിറ്റിന്റെ മൂപ്പിൽ ലൈജുവാണ് ജ്യേഷ്ഠൻ. പാലക്കാട് ഫോക്കസ് ഗേറ്റ് ഡയറക്ടറാണ് ലൈജു.ശ്രീകൃഷ്ണപുരം ഗവണ്മെന്റ് എൻജിനീയറിംഗ് കോളജിലെ അസിസ്റ്റന്റ് പ്രഫസറാണ് അനുജൻ ലിജു. ഇവരുടെ ഭാര്യമാരും ഇരട്ടകളാണ്. എറണാകുളം വൈറ്റില സ്വദേശികളായ ലിമയും ഹിമയും. അമ്മ സിസിലി ജോണി. പരേതനായ ജോണിയാണ് പിതാവ്.
വടക്കഞ്ചേരി വള്ളിയോട് ഗലീലി യൂണിറ്റിലെ അധ്യാപകനായ കുരീക്കാട്ടോരത്തേൽ ജയിന്റെ ഭാര്യ ലിജിയാണ് സഹോദരി. ഇവർ സെന്റ് ഫ്രാൻസിസ് സ്കൂളിൽ അധ്യാപികയാണ്.ബിസി അറുന്നൂറ് കാലഘട്ടത്തിലെ ഗാന്ധാര, ശൂരസേന, കോസല തുടങ്ങിയ മഹാജനപദങ്ങളിൽ ഉപയോഗിച്ചിരുന്ന സൂര്യൻ, ആന, വൃക്ഷം, മാല എന്നീ ചിത്രങ്ങൾ ആലേഖനം ചെയ്ത അച്ചുകുത്ത് നാണയങ്ങൾ മുതൽ ഇന്തോ-ഗ്രീക്ക്, പാഞ്ചാല, സതവാഹന, കുഷൻ തുടങ്ങി അതിപുരാതന രാജവംശങ്ങളുടെ നാണയങ്ങളും ലൈജുവിന്റെയും ലിജുവിന്റെയും മഹാനാണയ ശേഖരത്തിലുണ്ട്.
എഡി 700 മുതൽ എഡി 1600 വരെയുള്ള മെഡിവീയൽ കാലഘട്ടത്തിലെ ഇന്ത്യൻ രാജവംശങ്ങളുടെ നാണയങ്ങളും ഏറെ കൗതുകമുണർത്തുന്നാണ്. പതിമൂന്നാം നൂറ്റാണ്ടുമുതൽ 20-ാം നൂറ്റാണ്ടിന്റെ മധ്യകാലംവരെ ഇന്ത്യയിൽ ഭരണം നടത്തിയിരുന്ന വിവിധ നാട്ടുരാജാക്കാ·ാരുടെ കാലത്തുള്ള നാണയങ്ങളാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം.
ചരിത്രനാണയ ശേഖരത്തോടൊപ്പം 220 വ്യത്യസ്ത രാജ്യങ്ങളുടെ ഭൂപടങ്ങളും പതാകയും ഉൾപ്പെടുത്തിയ ശേഖരവുമുണ്ട്. 1947 മുതൽ പുറത്തിറങ്ങിയ ഇന്ത്യൻ കറൻസികളും ഒന്നാംലോക മഹായുദ്ധകാലഘട്ടങ്ങളിലും രണ്ടാംലോക മഹായുദ്ധ കാലഘട്ടത്തിലും പുറത്തിറങ്ങിയ വിവിധ രാജ്യങ്ങളുടെ കറൻസികളും ഇവരുടെ ലക്ഷങ്ങൾ വിലമതിക്കുന്ന ശേഖരത്തിലുണ്ട്.
എട്ടാംക്ലാസ് പഠനകാലത്താണ് ലൈജുവും ലിജുവും അപൂർവ നാണയശേഖരം ആരംഭിച്ചത്. തൃശൂരിൽ സപ്ലൈകോയിൽ ജോലി ചെയ്യുന്ന ഇവരുടെ ആന്റി ലീനയായിരുന്നു പ്രചോദനം. ഇപ്പോൾ വീട്ടിലെ ഒരു മുറിതന്നെ നാണയത്തിനും കറൻസിക്കുമായി മാറ്റിവച്ചിരിക്കുകയാണ്.
മാസശന്പളത്തിന്റെ വലിയൊരു ഭാഗം നാണയശേഖരണത്തിനായി മാറ്റിവയ്ക്കുന്നതായി ഇവർ പറഞ്ഞു. അത്യപൂർവ നാണയശേഖരമാണെങ്കിൽ അത് സ്വന്തമാക്കാൻ വലിയ തുക മുടക്കണം. തങ്ങളുടെ ശേഖരങ്ങളില്ലാത്ത നാണയമാണെങ്കിൽ പിന്നെ പണമൊന്നും നോക്കില്ല. എന്തുവിലകൊടുത്തും നാണയം സ്വന്തമാക്കും. നാണയങ്ങളുടെ പഴക്കവും ചരിത്രവും അറിയാൻ പാലക്കാട് വിക്ടോറിയ കോളജിലെ അധ്യാപകരുടെ സഹായവും ഇവർക്കുണ്ട്.