അന്പലപ്പുഴ: എഴുതിയ നോട്ടു നൽകിയതിന്റെ പേരിൽ അമ്മയേയും മക്കളെയും കെഎസ്ആർടിസി ബസിൽ നിന്നും ഇറക്കിവിട്ടതായി പരാതി. ഫോർട്ടുകൊച്ചി സ്വദേശി തിലകന്റെ ഭാര്യ സൈന, പത്താംക്ലാസ് വിദ്യാർഥികളായ നന്ദ ഗോപൻ, വൈഷ്ണവി എന്നിവരെയാണ് അന്പലപ്പുഴയിൽ നിന്നുള്ള യാത്രക്കിടെ കണ്ടക്ടർ ഇറക്കിവിട്ടത്.
തിലകന്റെ സഹോദരി കുമാരിയുടെ അന്പലപ്പുഴയിലെ വീട്ടിലെത്തി തിരികെ ഫോർട്ടു കൊച്ചിയിലേക്കു പോകുന്നതിനായി ഇന്നലെ രാവിലെ 1030 ഓടെ ഇവർ ബസ്സ്റ്റേഷനിലെത്തി. പിന്നീട് തിരുവനന്തപുരം ഭാഗത്തുനിന്നും 11.55 ഓടെ അന്പലപ്പുഴയിലെത്തിയ ഫോർട്ടുകൊച്ചി ബസിൽ ഇവർ കയറി.
ടിക്കറ്റിനായി ഇവരുടെ കൈയ്യിൽ ഉണ്ടായിരുന്ന 500 രൂപയുടെ നോട്ട് നല്കിയെങ്കിലും നോട്ടിൽ എന്തോ എഴുതിയിരുന്നു എന്ന് കാട്ടി കണ്ടക്ടർ പണം മടക്കി നല്കുകയും ഇവരെ വളഞ്ഞവഴിയിലെത്തിയപ്പോൾ ബസിൽനിന്നും ഇറക്കിവിടുകയുമായിരുന്നു.
ഫോർട്ടുകൊച്ചിയിലെത്തുന്പോൾ പണം നൽകാമെന്നും നോട്ടിൽ തങ്ങളല്ല വരച്ചതെന്നും, നോട്ട് ബാങ്കിൽ നിന്നും ലഭിച്ചതാണെന്നും പറഞ്ഞെങ്കിലും കണ്ടക്ടർ ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചില്ലത്രേ.
ജന്മനാരോഗിയായ മകൻ നന്ദഗോപനെയും കൊണ്ട് ഏറെ പ്രയാസപ്പെട്ട് ഇവർ തിരിച്ച് അന്പലപ്പുഴയിലെത്തുകയായിരുന്നു. സംഭവം സംബന്ധിച്ചു കെഎസ്ആർടിസി അധികൃതർക്ക് പരാതി നൽകുമെന്ന് ഇവർ പറഞ്ഞു.