രജനികാന്തിന്റെ കബാലി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടി ധൻസികയെ നടനും സംവിധായകനുമായ ടി രാജേന്ദ്രൻ പൊതുവേദിയിൽ കരയിപ്പിച്ചത് കഴിഞ്ഞ ദിവസം വലിയ വാർത്തയായിരുന്നു. സിനിമയുടെ പ്രമോഷൻ പരിപാടിയുമായി എത്തിയപ്പോഴായിരുന്നു സംഭവം നടന്നത്.
വഴിത്തിരു എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ പങ്കെടുത്ത ടിആറിന്റെ പേര് ധൻസിക പറയാൻ വിട്ടുപോയിരുന്നു. ഇതാണ് രാജേന്ദ്രനെ ചൊടിപ്പിച്ചത്. ധൻസികയും കൃഷ്ണ കുശേലനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഒരു ഗാനരംഗത്ത് ടി ആറും എത്തുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ പേര് പറയാൻ മറന്ന് പോയതിൽ നടി കാലിൽ വീണ് മാപ്പു പറഞ്ഞിരുന്നു.
എന്നാൽ ടി ആർ അത് കേൾക്കാൻ നിന്നിരുന്നില്ല. രജനികാന്തിനൊപ്പം അഭിനയിച്ചതിന്റെ അഹങ്കാരമാണെന്നതടക്കം മോശം വാക്കുകൾ പ്രയോഗിച്ചാണ് ടി രാജേന്ദ്രൻ ധൻസികയെ അപമാനിച്ചത്. വാക്കുകൾ കടുത്തുവന്നപ്പോൾ പിടിച്ചുനിൽക്കാൻ കഴിയാതെ ധൻസിക പൊട്ടിക്കരയുകയായിരുന്നു.
സംഭവത്തിൽ ആദ്യം പ്രതികരിച്ചതു നടികർ സംഘത്തിന്റെ സെക്രട്ടറിയും നടനുമായ വിശാലായിരുന്നു. കാലിൽ വീണ് മാപ്പ് പറഞ്ഞിട്ടും നടിയെ വീണ്ടും വീണ്ടും അപമാനിച്ചത് മോശമായിപ്പോയി. പൊതുപരിപാടിയിൽ സ്റ്റേജിലിരിക്കുന്നവരുടെ പേര് പറയാൻ ഞാനും പലപ്പോഴും മറന്നു പോയിട്ടുണ്ട്. അത് വളരെ സാധാരണമാണ്. മകളുടെ പ്രായമുള്ള ധൻസിക കാലിൽ വീണ് മാപ്പ് അപേക്ഷിച്ചിട്ടും ടി ആർ കേട്ടഭാവം നടിക്കാത്തത് ശരിയായില്ല- വിശാൽ പറഞ്ഞു.
സംഭവത്തിൽ ധൻസികയെ പിന്തുണച്ച് നടി കനിഹയും രംഗത്തു വന്നു. ധൻസികയെ അപമാനിച്ച ടി ആറിന്റെ പക്വതയില്ലായ്മ കണ്ട് ഞാൻ ആശ്ചര്യപ്പെട്ട് പോയി. ഇത്തരത്തിലുള്ള കാര്യങ്ങൾ നടിയോട് സ്വകാര്യമായി തന്നെ പറയണമായിരുന്നു. കഴിവുണ്ടായിട്ട് കാര്യമില്ല. എത്ര കഴിവുണ്ടായിട്ടും നന്നായി പെരുമാറാൻ അറിയില്ലെങ്കിൽ അതു കൊണ്ട് എന്തു കാര്യം. പൊതുവേദിയിൽ അപമാനിച്ചത് മോശമായിപ്പോയി- കനിഹ പറയുന്നു.