തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നടയിലുമെല്ലാം തിളങ്ങി നില്ക്കുന്ന സമയത്തായിരുന്നു സൗന്ദര്യയുടെ മരണം. ഒരു വിമാനാപകടത്തില്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്തിന് നഷ്ടമായത് മികച്ചൊരു അഭിനേത്രിയെ ആയിരുന്നു. മലയാളത്തില്‍ രണ്ടേ രണ്ട് ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചുള്ളൂ എങ്കിലും രണ്ടും ജനശ്രദ്ധ നേടിയ ചിത്രങ്ങളാണ്. കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ഒരു കാരണമുണ്ട്. അത് ലാലിന് കൊടുത്ത വാക്കായിരുന്നു.
അയാള്‍ കഥ എഴുതുകയാണ് എന്ന ചിത്രത്തില്‍ സൗന്ദര്യ നായികയാകണമെന്ന് മോഹന്‍ലാല്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ ആ സമയത്ത് വിളിച്ചപ്പോള്‍ സൗന്ദര്യ അമതാഭ് ബച്ചന്റെ സൂര്യവംശം എന്ന ബോളിവുഡ് ചിത്രത്തിന്റെ തിരക്കിലായിരുന്നു. അതുകൊണ്ട് തന്നെ ലാലിന്റെ ഓഫര്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ല. മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയതില്‍ സൗന്ദര്യയ്ക്കും വിഷമമുണ്ടായിരുന്നു. ഇനി ലാല്‍ സാറിനൊപ്പം അഭിനയിക്കാന്‍ ഒരു അവസരം ലഭിച്ചാല്‍ മറ്റ് തടസ്സങ്ങളെല്ലാം മാറ്റിവച്ച് അഭിനയക്കാന് വരും എന്ന് സൗന്ദര്യ വാക്കു കൊടുത്തു. അങ്ങനെ സൗന്ദര്യയ്ക്ക് മകരം നന്ദിനി അയാള്‍ കഥ എഴുതുകയാണ് എന്ന ചിത്രത്തിലെത്തി. നായികാ പ്രാധാന്യമുള്ള ചിത്രമാണ് കമല്‍ സംവിധനം ചെയ്ത അയാള്‍ കഥ എഴുതുകയാണ്. പകരം വയ്ക്കാനില്ലാത്ത അഭിനയ മികവുകൊണ്ട് നന്ദിനി ആ കഥാപാത്രത്തെ അവിസ്മരണീയമാക്കി.
തുടര്‍ന്ന് ലാല്‍ സൗന്ദര്യയെ കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലേക്ക് വിളിച്ചു. അപ്പോള്‍ നടി വിജയകാന്തിനൊപ്പം ചൊക്കത്തങ്കം എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നു. പക്ഷെ ഈ അവസരവും തട്ടി മാറ്റാന്‍ സൗന്ദര്യ തയ്യാറായില്ല. മോഹന്‍ലാലിന്റെ വിളി വന്ന കാര്യവും വാക്ക് പറഞ്ഞ കാര്യവും സംവിധായകന് കെ ഭാഗ്യരാജിനോട് പറഞ്ഞു. അദ്ദേഹം സൗന്ദര്യയുടെ ഭാഗങ്ങള്‍ വേഗം ചിത്രീകരിച്ച് നടിയ്ക്ക് അനുമതി നല്കി. അങ്ങനെ കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ആമിനയായി.
രണ്ടേ രണ്ട് മലയാള സിനിമകള്‍ മാത്രമാണ് സൗന്ദര്യ ചെയ്തത്. കിളിച്ചുണ്ടന്‍ മാമ്പഴം സൗന്ദര്യയുടെ രണ്ടാമത്തെ ചിത്രമാണ്. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായിട്ടാണ് സൗന്ദര്യയുടെ മലയാളം അരങ്ങേറ്റം. 2014 ലാണ് വിമാനാപകടത്തില്‍ സൗന്ദര്യ കൊല്ലപ്പെട്ടത്. സിനിമയ്ക്കൊപ്പം രാഷ്ട്രീയത്തിലും സജീവമായിരുന്ന സൗന്ദര്യ ഇലക്ഷന് കാമ്പയിന് നടത്തുന്നതിനിടെയാണ് ബാംഗ്ലൂരില്‍ വച്ചുണ്ടായ വിമാനാപകടത്തിലാണ് മരിച്ചത്.