മുംബൈ: മലയാളി താരം ബേസില്‍ തമ്പിയെത്തേടി ഇതാ വീണ്ടും ഇന്ത്യന്‍ ടീമിന്റെ വിളി. ന്യൂസിലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിലാണ് പേസ് ബൗളറായ ബേസിലിനെ ഉള്‍പ്പെടുത്തിയത്. പാതി മലയാളിയായ ശ്രേയസ് അയ്യരാണ് ടീമിനെ നയിക്കുന്നത്. അഞ്ചു മത്സര പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ ഋഷഭ് പന്ത് ഇന്ത്യയെ നയിക്കും.
ആദ്യ അവസരത്തില്‍ത്തന്നെ മികച്ച പ്രകടനം പുറത്തെടുത്തതാണ് ബേസിലിനു തുണയായത്. ദക്ഷിണാഫ്രിക്ക എക്കെതിരായ മത്സരത്തിലായിരുന്നു ഇത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ എമേര്‍ജിംഗ് താരത്തിനുള്ള പുരസ്കാരവും മലയാളികളുടെ ഈ പ്രിയതാരം നേടിയിരുന്നു.
ആറിന് വിശാഖപട്ടണത്തു പരമ്പര ആരംഭിക്കും. മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ ഠാക്കുര്‍, സിദ്ധാര്‍ഥ് കൗര്‍ എന്നീ പേസ് ബൗളര്‍മാരും ടീമിലുണ്ട്. ഇന്ത്യയില്‍ പര്യടനത്തിനെത്തുന്ന ന്യൂസിലന്‍ഡിനെതിരായ സന്നാഹ മത്സരത്തിനുള്ള ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ബോര്‍ഡ് ടീമിന്റെയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ്. ഈ രണ്ടു ടീമിലും സഞ്ജു വി. സാംസണ് ഇടം നേടിയില്ല.