കൊച്ചി: കഴിഞ്ഞ ദിവസം രാത്രിയിൽ കലൂരിൽനിന്നും കാണാതായ യുവാവിന്റെ മൃതദേഹം കൊച്ചി കായലിൽനിന്നും കണ്ടെത്തി. കലൂർ തറയപ്പറന്പിൽ സേവ്യറിന്റെ മകൻ വർഗീസിന്റെ (39) മൃതദേഹമാണ് ഇന്നു രാവിലെ ബോൾഗാട്ടിക്കു സമീപത്തുനിന്നും കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഗോശ്രീ പാലത്തിൽനിന്നു യുവാവ് കൊച്ചി കായലിൽ ചാടിയിരുന്നു. ഇതേ യുവാവാണോ മരണപ്പെട്ടത് എന്നതിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
യുവാവ് കായലിൽ ചാടിയെന്ന വിവരത്തെത്തുടർന്ന് ഫയർഫോഴ്സ് അധികൃതർ ഇന്നലെ തെരച്ചിൽ നടത്തിയിരുന്നു. ഗോശ്രീ ഒന്നാം പാലത്തിനു സമീപം ഇന്നലെ രാവിലെ മുതൽ ഉച്ചവരെയാണ് ക്ലബ് റോഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെ വഴിയാത്രികനായ യുവാവ് കായലിൽ ചാടിയെന്ന വിവരം വൈറ്റില ചളിക്കവട്ടം സ്വദേശി ഷിയാസാണു അധികൃതരെ ഫോണിൽ വിളിച്ചറിയിച്ചത്.
യുവാവ് പാലത്തിന്റെ കൈവരിയിൽ തൂങ്ങികിടക്കുന്ന നിലയിലായിരുന്നുവെന്നും ഇതുകണ്ട് കാർ യാത്രികരായ താനും സുഹൃത്തും അടുത്തെത്താറായപ്പോഴേക്കും യുവാവ് കായലിലേക്ക് ചാടുകയായിരുന്നുവെന്നുമാണ് ഷിയാസ് ഫയർഫോഴ്സിൽ അറിയിച്ചത്. ഇതേത്തുടർന്ന് ഇന്നലെ രാവിലെ മുതൽ അധികൃതരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയത്.
ഇതിനിടെയാണു കലൂർ സ്വദേശിയായ യുവാവിനെ കാണാനില്ലെന്നു കാണിച്ച് സഹോദരൻ നോർത്ത് പോലീസിൽ പരാതി നൽകിയത്. ഇതിൽ അന്വേഷണം നടക്കുന്നതിനിടെ ഇന്നു രാവിലെ ഒരു യുവാവിന്റെ മൃതദേഹം ബോൾഗാട്ടിക്കു സമീപം കണ്ടെത്തിയെന്ന വിവരം പോലീസിൽ ലഭിക്കുകയായിരുന്നു. തുടർന്നു ബന്ധുക്കളുടെ സാന്നിധ്യത്തിലാണു മരിച്ചത് വർഗീസാണെന്നു തിരിച്ചറിഞ്ഞത്. മേൽനടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.