പത്തനംതിട്ട: വിവാഹതട്ടിപ്പു വീരനായ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ മോചിപ്പിച്ച് ബന്ധുക്കൾ വീട്ടിലേക്കു കൊണ്ടുപോകവെ പുഴയിൽ ചാടി. അച്ചൻകോവിലാറ്റിൽ നിന്നും നാട്ടുകാർ രക്ഷപ്പെടുത്തിയ യുവതിയെ പിന്നീട് പോലീസെത്തി ആശുപത്രിയിലുമെത്തിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവതിയാണ് ഇന്നലെ കൈപ്പട്ടൂർ പാലത്തിൽ നിന്നു അച്ചൻകോവിലാറ്റിലേക്കു ചാടിയത്.
പുഴയോരത്തെ തിട്ടയിൽ പിടി കിട്ടിയ യുവതിയെ അച്ഛനും ബന്ധുവും നാട്ടുകാരും ചേർന്നു രക്ഷപ്പെടുത്തുകയായിരുന്നു. മൂന്നു ദിവസം മുന്‍പാണ് പെണ്‍കുട്ടിയെ കാണാതായത്. ബിരുദ വിദ്യാർഥിനിയായ യുവതി ബസ് ജീവനക്കാരനായ കാമുകനോടൊപ്പം പോയതായിരുന്നുവെന്നു പറയുന്നു. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത തിടനാട് പോലീസ് കൊടൈക്കനാലിൽ നിന്ന് യുവതിയെ കണ്ടെത്തുകയായിരുന്നു.
യുവതിയോടൊപ്പെമുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി അയൂബ് (28) നേരത്തെ മൂന്നു വിവാഹം കഴിച്ച ആളാണെന്നും കണ്ടെത്തിയ പോലീസ് ഇക്കാര്യം യുവതിയെ ബോധ്യപ്പെടുത്തി അയൂബിനെ അറസ്റ്റ് ചെയ്യുകയും യുവതിയെ ഷെൽട്ടർ ഹോമിൽ ആക്കുകയുമായിരുന്നു.
യുവതിയെ കൂട്ടിക്കൊണ്ടുപോകാൻ ഇന്നലെ അച്ഛനും ബന്ധുവും എത്തി. ഇവർ കാറിൽ പോകവെ കൈപ്പട്ടൂർ പാലത്തിൽ എത്തിയപ്പോൾ യുവതി ഛർദിക്കണമെന്നു പറഞ്ഞ് കാർ നിർത്തിക്കുകയും ആറ്റിലേക്കു ചാടുകയുമായിരുന്നു. തുടർന്ന് അച്ഛനും ബന്ധുവും ഓടിക്കൂടിയ നാട്ടുകാരും ചേർന്ന് രക്ഷിച്ച് കരയ്ക്കെത്തിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസെത്തി യുവതിയെ വനിത ഹെൽപ് ലൈനിലും പിന്നീട് ആശുപത്രിയിലുമാക്കി.