യോഗി ആദിത്യനാഥ്കണ്ണൂർ: കേരളത്തിൽ ലൗജിഹാദ് യാഥാർഥ്യമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയുടെ രണ്ടാംദിനത്തിൽ കീച്ചേരിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം, ലൗജിഹാദ് അപകടകരമാണെന്നും ഹൈക്കോടതിയും സുപ്രീംകോടതിയും പരാമർശിച്ചിട്ടുണ്ട്. നിലവിൽ ഇതിനെതിരേ എൻഐഎ അന്വേഷണം നടന്നു വരികയാണ്. കേരളത്തിലും കർണാടകയിലും ലൗജിഹാദ് നിലനിൽക്കുന്നുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
കീച്ചേരി മുതൽ കണ്ണൂർ വരെയാണ് ഇന്നത്തെ പദയാത്ര. 12 കിലോമീറ്ററാണ് നടക്കുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു പുറമെ കേന്ദ്രമന്ത്രി ശിവപ്രതാപ് ശുക്ല, സുരേഷ് ഗോപി എന്നിവരും കുമ്മനം രാജശേഖരനോടൊപ്പം പദയാത്രയിൽ പങ്കെടുക്കുന്നുണ്ട്. കീച്ചേരിയിൽനിന്ന് യാത്ര ആരംഭിക്കുന്നതിന് മുന്പ് പയ്യന്നൂരിൽ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ വിനോദ് കുമാറിന്റെ കീച്ചേരിയിലുള്ള അമ്മയുടെ വീട് യോഗി ആദിത്യനാഥ് സന്ദർശിച്ചു. തുടർന്നാണ് പദയാത്ര ആരംഭിച്ചത്.
പുതിയതെരു നിത്യാനന്ദ സ്കൂളിലാണ് ഉച്ചഭക്ഷണം ഒരുക്കിയിരിക്കുന്നത്. വൈകുന്നേരം 5.30ന് സ്റ്റേഡിയം കോർണറിൽ നടക്കുന്ന പൊതുയോഗത്തിൽ യോഗി ആദിത്യനാഥും കേന്ദ്രമന്ത്രി ശിവപ്രതാപ് ശുക്ലയും പ്രസംഗിക്കും. ഇന്നലത്തെ പദയാത്രയ്ക്കു ശേഷം മംഗളൂരുവിലേക്ക് തിരിച്ച ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നാളെ തിരിച്ചെത്തും.
മംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വിമാനമാർഗം എത്തുന്ന അമിത് ഷാ അവിടെ നിന്നും റോഡുമാർഗം മന്പറത്ത് എത്തും.മമ്പറത്തു നിന്നാരംഭിച്ച് പിണറായി വഴിയുള്ള പദയാത്രയിൽ അദ്ദേഹം പങ്കെടുക്കും. നാളെ മമ്പറത്തു നിന്നാരംഭിക്കുന്ന പദയാത്ര പിണറായി വഴി തലശേരിയിൽ സമാപിക്കും. വൈകുന്നേരം 5.30ന് തലശേരിയിൽ പൊതുസമാപനം. ആറിനു പാനൂരിൽ നിന്നാരംഭിക്കുന്ന പദയാത്ര കൂത്തുപറമ്പിൽ സമാപിക്കുന്നതോടെ ജില്ലയിലെ പര്യടനം അവസാനിക്കും.