കായംകുളം :അഞ്ചാം ക്ലാസുകാരിയെ സ്കൂളിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്ത പോലീസ് നടപടിയിൽ പ്രതിഷേധം ശക്തം. പ്രതിയെ സ്കൂൾ അധികൃതർ സംരക്ഷിക്കുകയാണന്ന ആരോപണവുമായി വിദ്യാർഥി സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കായംകുളം കല്ലും മൂട് എസ് എൻ സെൻട്രൽ സ്കൂളിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്.
സ്കൂൾ വിട്ട് വൈകുന്നേരം വീട്ടിലേക്ക് പോകാൻ വണ്ടിയിൽ കയറാൻ ശ്രമിച്ച പെണ്കുട്ടി മറന്നുപോയ ലഞ്ച് ബോക്സ് തിരികെയെടുക്കാൻ സ്കൂളിലേക്ക് എത്തിയപ്പോൾ സ്കൂളിന്റെ മുകളിലത്തെ നിലയിൽ വച്ച് ഒരാൾ പിന്നിൽ നിന്നും ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. അക്രമിയുടെ പോക്കറ്റിൽ നിന്നും ഏതോ സാധനം താഴെ വീഴുകയും ഇതെടുക്കാൻ അയാൾ ശ്രമിച്ചപ്പോൾ കുതറി ഓടി പെണ്കുട്ടി രക്ഷപ്പെടുകയായിരുന്നു. സംഭവം കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് പറയുകയും ഇവർ സ്കൂൾ അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു.
എന്നാൽ സ്കൂൾ അധികൃതർ രാത്രിയോടെ വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം നടപടി എടുക്കാമെന്നും അതുവരെ പോലീസിൽ പരാതി നൽകരുതെന്നും മാതാപിതാക്കളോട് പറഞ്ഞുവത്രേ. എന്നാൽ സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ കായംകുളം ഡിവൈഎസ്പിക്ക് പരാതി നൽകുകയായിരുന്നു.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് അന്വേഷണം നടത്തുകയാണെങ്കിലും ഇതുവരെയും പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. എന്നാൽ സംശയമുള്ള സ്കൂളിലെ ജീവനക്കാരെയും മറ്റും ചോദ്യം ചെയ്തുവരികയാണെന്ന് കായംകുളം സിഐ രാഷ്ട്രദീപികയോട് പറഞ്ഞു.സ്കൂളിൽ പിടിഎ വിളിച്ചുചേർക്കണമെന്ന ആവശ്യവുമായി ഇപ്പോൾ രക്ഷാകർത്താക്കളും രംഗത്തെത്തിയിട്ടുണ്ട്. പ്രതിയെ സ്കൂൾ മാനേജ്മെന്റ് സംരക്ഷിക്കുന്നെന്നാരോപിച്ച് കഐസ്യു പ്രവർത്തകർ ഇന്നലെ സ്കൂളിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ജില്ലാ പഞ്ചായത്ത് അംഗം ഉൾപ്പടെ നിരവധിപ്പേർക്ക് പരിക്കേറ്റു.
പ്രകടനമായെത്തിയ മാർച്ച് സ്കൂളിന് സമീപം വച്ച് പോലീസ് തടയുകയായിരുന്നു. ഇതിനെ തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായി. പോലീസ് വലയം ഭേദിച്ച് പ്രവർത്തകർ സ്കൂളിലേക്ക് തള്ളിക്കയറാൻ ശ്രമം നടത്തി.
ഇതേ തുടർന്ന് പോലീസ് ലാത്തിവീശി. ജില്ലാ പഞ്ചായത്ത് അംഗം അരിതാ ബാബു, കെഎസ് യു ജില്ലാ ജനറൽ സെക്രട്ടറി വിശാഖ് പത്തിയൂർ, ആകാശ് തഴയശ്ശേരിൽ, സുജിത്ത് കണ്ണൻ , ലുക്ക്മാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രവർത്തകർക്ക് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ച് ഇന്ന് ആലപ്പുഴ ജില്ലയിൽ കെ എസ് യു പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ് .