മുക്കം: നിരവധി ക്വാറികളും ക്രഷറുകളും പ്രവർത്തിക്കുന്ന മലയോര മേഖലയിൽ യന്ത്രസാമഗ്രികൾ ഒന്നുമില്ലാതെ പരിസ്ഥിതിക്ക് യാതൊരു കോട്ടവും വരുത്താതെ ഒരു ചെറിയ ക്രഷർ യൂണിറ്റ് പ്രവർത്തിക്കുന്നു. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് മാട്ടു മുറിയിലാണ് റോഡരികിൽ ഒരു ഓലഷെഡിൽ സുബ്രമണ്യന്റെ യൂണിറ്റ് പ്രവർത്തിക്കുന്നത്. ക്രഷർ യൂണിറ്റ് എന്ന് കേൾക്കുന്പോൾ ആരും ഞെട്ടേണ്ട.
ഇത് ഈ മനുഷ്യന്റെ കുടുംബം പുലർത്താനുള്ള ഓട്ടത്തിന്റെ നേർക്കാഴ്ചയാണ്. ജന്മനാ ഉയരക്കുറവുള്ള സുബ്രമണ്യൻ കഴിഞ്ഞ 10 വർഷമായി ഇവിടെയുണ്ട്. മാതാവും മൂന്നു സഹോദരിമാരുമുള്ള കുടുംബത്തിന്റെ ഏക ആശ്രയമായ ഇയാൾക്ക് തന്റെ ശാരീരിക അവസ്ഥ മൂലം ഭാരിച്ച ജോലിക്കൊന്നും പോവാൻ കഴിയുമായിരുന്നില്ല.
മാട്ടു മുറി മേഖലയിൽ പത്രവിതരണം നടത്തി കിട്ടുന്ന തുച്ഛമായ വരുമാനം ജീവിതം മുന്നോട്ട് കൊണ്ട് പോവാൻ കഴിയില്ലന്ന് മദസിലായി. രാവിലെ ഒന്പതോടെ തന്റെ ഷെഡിലെത്തുന്ന സുബ്രമണ്യൻ വൈകുന്നേരം നാലുവരെ കഠിനാധ്വാനം ചെയ്യും. തന്റെ മുന്നിലെത്തുന്ന വലിയ കരിങ്കല്ല്ബോളറുകൾ ചുറ്റിക ഉപയോഗിച്ച് മെറ്റലാക്കി മാറ്റി വിൽപ്പന നടത്തുന്ന ഇദ്ദേഹം പരിസരവാസികൾക്ക് ഒരു അദ്ഭുതം തന്നെയാണ്.
ക്വാറികളിൽ നിന്ന് 1200 രൂപക്ക് ഇറക്കുന്ന കരിങ്കൽ ബോളറുകൾ മെറ്റലാക്കി മാറ്റി ഒരു കൂട്ടക്ക് 30 രൂപ നിരക്കിലാണ് ഇയാൾ വിൽക്കുന്നത്. ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ക്രഷർ ഉൽപ്പന്നങ്ങൾ വീടുകളിൽ എത്തുമെങ്കിലും സുബ്രമണ്യന്റെ മെറ്റലിന് ഇപ്പോഴും ആവശ്യക്കാർ ഏറെയാണ്. നാട്ടുകാരിൽ നിന്ന് ലഭിക്കുന്ന പിന്തുണ തന്നെയാണ് ഏറെ ശ്രമകരമായ ഈ തൊഴിൽ മേഖലയിൽ ഈ ചെറിയ വലിയ മനുഷ്യനെ പിടിച്ചു നിർത്തുന്നതും.