കൊച്ചി/ആലുവ: നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യം ലഭിച്ചു ജയിൽമോചിതനായ നടൻ ദിലീപിനെ കാണാൻ സിനിമാമേഖലയിൽനിന്നു താരങ്ങളെത്തി. കെപിഎസി ലളിത, ഹരിശ്രീ അശോകൻ, നരേയ്ൻ, പൊന്നമ്മ ബാബു, രാമലീലയുടെ സംവിധായകൻ അരുണ്‍ ഗോപി, നിർമാതാവ് ടോമിച്ചൻ മുളകുപാടം തുടങ്ങിയവര്‍ ദിലീപിനെ ഇന്നലെ സന്ദർശിച്ചു.
രാമലീലയുടെ വിജയം സംവിധായകനും നിർമാതാവിനുമൊപ്പം കേക്ക് മുറിച്ച് താരം ആഘോഷിച്ചു. മാധ്യമ പ്രവർത്തകരോടു സംവിധായകൻ എബ്രിഡ് ഷൈൻ കയർത്തതു ബഹളത്തിനിടയാക്കി. വീട്ടിലെത്തിയ ആരാധകരോടു കുശലം പറഞ്ഞും കൈകൊടുത്തും ജയിലിൽനിന്നു മോചിതനായതിന്റെ സന്തോഷം ദിലീപ് ആഘോഷമാക്കി. ജാമ്യം ലഭിച്ച ചൊവ്വാഴ്ച രാത്രി ദിലീപും കാവ്യാ മാധവനും അഭിഭാഷകൻ ബി. രാമൻ പിള്ളയെ സന്ദർശിച്ചിരുന്നു. രണ്ടു മണിക്കൂറിലധികം താര ദന്പതികൾ അഭിഭാഷകനൊപ്പം ചെലവഴിച്ചു.
ജയിലിൽനിന്നു പുറത്തിറങ്ങിയശേഷം പറവൂർ കവലയിലെ സഹോദരൻ അനൂപിന്റെ വീട്ടിലേക്കായിരുന്നു ദിലീപ് ആദ്യം പോയത്. തുടർന്നു രാത്രിതന്നെ ആലുവ മണപ്പുറത്തിനു സമീപം കൊട്ടാരക്കടവിലെ വീട്ടിലേക്കു ദിലീപും കാവ്യയും മടങ്ങി. ഇന്നലെ വീണ്ടും പറവൂർ കവലയിലെ കുടുംബ വീട്ടിലേക്ക് ഇരുവരും മടങ്ങിയെത്തി. ഇവിടെ വച്ചാണു ദിലീപ് സന്ദർശകരെ കണ്ടത്.