നടന്‍ ദിലീപ് ആലുവ ജയിലില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ ആഘോഷിക്കാന്‍ തിങ്ങി കൂടിയ ആരാധകര്‍ക്കെതിരെ ഡിവൈഎഫ്ഐ നേതാവ് എഎ റഹീം രംഗത്ത്. ജയിലിന് മുന്നില്‍ സൃഷ്ടിക്കപ്പെട്ടത് കോടികളുടെ പിആര്‍ വര്‍ക്കാണെന്നും, നാളെ ദിലീപിനെതിരെ സാക്ഷി പറയേണ്ടവര്‍ മാളത്തിലൊളിക്കാന്‍ പര്യാപ്തമായ ശ്രമമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. കുറ്റം തെളിഞ്ഞിട്ടേ കല്ലെറിയാന്‍ പാടുള്ളൂ എന്ന വാദം ശരി തന്നെ. എങ്കില്‍ പിന്തുണയും ആര്‍പ്പുവിളികളും അതിനു ശേഷം മാത്രം മതിയെന്ന് കൂടി വയ്ക്കുമോ? എന്ന് ചോദിച്ചാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
എഎ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
”ജനപ്രിയ”നായകന്റെ
ആഘോഷ കമ്മിറ്റിക്കാരോട്
ജയില്‍ മുറ്റത്തെ ആരവങ്ങളും ആര്‍പ്പു വിളികളും ഭ്രാന്തമായ സ്‌നേഹപ്രകടനം മാത്രമല്ല ,അവള്‍ക്കുള്ള താക്കീത് കൂടിയായിരുന്നു. എല്ലാം അവസാനിപ്പിക്കാനുള്ള അന്ത്യശാസനം. ഈ കേസില്‍ പ്രാധാന സാക്ഷികളെല്ലാം സിനിമാ ലോകത്തുള്ളവരാണ്. അതായത്, സിനിമ ഉപജീവനമാക്കിയവരാണ് നാളെ ദിലീപിനെതിരെ സാക്ഷി പറയേണ്ടത്. അവര്‍ക്കാകെയുള്ള ഒന്നാന്തരം മുന്നറിയിപ്പാണ് ജയില്‍ മുറ്റത്തു ക്രിയേറ്റ് ചെയ്തത്. എല്ലാറ്റിനും അതീതനാണ് ദിലീപ്, നാളെ അതിശക്തനായി അയാള്‍ തിരികെയെത്തും എന്ന പൊതു ബോധമൊരുക്കുന്നത് വെറുതെയല്ല, കോടികള്‍ ചിലവിടുന്ന ഈ പി ആര്‍ പണി സാക്ഷികളെ നിര്‍ജീവമാക്കിയും കീഴടക്കി കൂടെ നിര്‍ത്തിയും കേസ് ജയിക്കാനുമുള്ള ശ്രമമാണ്. ഇത് ഇനിയും ഇവര്‍ തുടരും.
ജാമ്യം അനുവദിച്ച വിധിന്യായത്തില്‍ കോടതി എഴുതി ,”സാക്ഷികളെ സ്വാധീനിക്കരുത്’. നേരിട്ട് വിളിച്ചോ ഭീഷണിപ്പെടുത്തിയോ ദിലീപിന് ഒരു സാക്ഷിയെയും സ്വാധീനിക്കേണ്ടി വരില്ല.താന്‍ ശക്തമായി തിരികെയെത്തുന്നുണ്ട് എന്ന സന്ദേശം കൊടുത്താല്‍ മാത്രം മതി…എല്ലാവരും പൊത്തിലൊളിക്കാന്‍,കീഴ്‌മേല്‍ മറിഞ്ഞു ദിലീപിന് ജയ് വിളിക്കാന്‍….വയറ്റിപ്പിഴപ്പിനു മറ്റു വഴിയില്ലെന്ന് സ്വന്തം മനസാക്ഷിയെ അവര്‍ സമാധാനിപ്പിച്ചു കൊള്ളും. അങ്ങനെയൊരു ‘ട്വിസ്റ്റ്’..അതിനാണ്,അതിനു മാത്രമാണ് ഈ പി ആര്‍ പണി …
ദിലീപിനെ ഒരു കോടതിയും കുറ്റ വിമുക്തനാക്കിയിട്ടില്ല, അയാളെ പ്രതി ചേര്‍ത്തതി ല്‍ പിശകുണ്ടെന്നു ഒരു കോടതിയും എവിടെയും പറഞ്ഞിട്ടുമില്ല.അയാള്‍ ഇപ്പോഴും കുറ്റാരോപിതനാണ്.പ്രോസിക്കൂഷന്‍ വാദം ശരിയാണെങ്കില്‍….മാപ്പര്‍ഹിക്കാത്ത മഹാ അപരാധം ചെയ്തവന്‍. കുറ്റം തെളിഞ്ഞിട്ടേ കല്ലെറിയാന്‍ പാടുള്ളൂ എന്ന വാദം ശരി തന്നെ, എങ്കില്‍ പിന്തുണയും ആര്‍പ്പുവിളികളും അതിനു ശേഷം മാത്രം മതിയെന്ന് കൂടി വയ്ക്കുമോ?