വെള്ളയാംകുടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ തമിഴ്‌നാട്ടില്‍ പോലീസ് പിടിയിലായതായി സൂചന. കട്ടപ്പന ലക്ഷംവീട് കോളനിയില്‍ വിഗ്‌നേഷ് ഭവനില്‍ മുരുകന്റെ ഭാര്യ വാസന്തി (50) യെയാണ് തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ട നിലയില്‍ ഇവരുടെ വീടിനുള്ളില്‍ കണ്ടെത്തിയത്. കുമളിയില്‍ ആശാരിപ്പണി ചെയ്യുന്ന മുരുകന്‍ തിങ്കളാഴ്ച രാത്രി തിരികെ വീട്ടിലെത്തിയപ്പോഴാണു ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തമിഴ്‌നാട് ഉത്തമ പാളയം തേവന്‍പട്ടി സ്വദേശി മുരുകനും കുടുബവും 15 വര്‍ഷമായി വെള്ളയാംകുടിയിലാണ് താമസിക്കുന്നത്. കോയന്പത്തൂരില്‍ താമസിക്കുന്ന മകള്‍ സുജിതയുടെ വീട്ടില്‍നിന്ന് ഇളയമകന്‍ വിഷ്ണുവിനൊപ്പം കഴിഞ്ഞ ഞായറാഴ്ചയാണു വാസന്തി വെള്ളയാംകുടിയില്‍ എത്തിയത്. തിങ്കളാഴ്ച വിഷ്ണു തമിഴ്‌നാട്ടിലെ കോളജിലേക്കു മടങ്ങാന്‍ തുടങ്ങിയ സമയത്ത് ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും വീട്ടിലെത്തിയിരുന്നു. മൂന്നു വരെ വീട്ടില്‍നിന്നു സംസാരം കേട്ടതായി അയല്‍വാസികളും വിവരം നല്‍കി. വൈകുന്നേരം നാലിനു ഭര്‍ത്താവ് കുമളിയിലെ പണിസ്ഥലത്തുനിന്നു വാസന്തിയുടെ ഫോണിലേക്കു വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.
രാത്രി വീട്ടിലെത്തിയ ഭര്‍ത്താവ് കട്ടിലില്‍ ഭാര്യ വിവസ്ത്രയായി മരിച്ചുകിടക്കുന്നതാണ് കണ്ടത്. ഉടന്‍തന്നെ അയല്‍ക്കാരെ വിവരമറിയിച്ചു. തുടര്‍ന്ന് കട്ടപ്പന പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ദുരൂഹത തോന്നിയതിനെതുടര്‍ന്ന് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇവര്‍ ധരിച്ചിരുന്ന രണ്ടര പവന്റെ മാലയും രണ്ടു മോതിരങ്ങളും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. മൃതദേഹം പൂര്‍ണമായും നഗ്‌നമായ നിലയില്‍ ബഡ്ഷീറ്റുകൊണ്ടു മൂടിയ നിലയിലായിരുന്നു. മുഖത്തും കഴുത്തിലും ചെറിയ പരിക്കുകളുണ്ട്.
വിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് തമിഴ്‌നാട് സ്വദേശികളായ മൂന്നുപേരെകുറിച്ചു പോലീസിനു സൂചന ലഭിച്ചത്. പ്രതികളെ കൂടുതല്‍ ചോദ്യംചെയ്താല്‍ മാത്രമെ വാസന്തി പീഡനത്തിരയായിട്ടുണ്ടോ എന്ന് അറിയാന്‍ കഴിയു. ഇന്ന് ഇവരെ കട്ടപ്പനയില്‍ എത്തിക്കുമെന്നാണു വിവരം. പോസ്റ്റുമോര്‍ട്ടത്തില്‍ ശ്വാസം മുട്ടിച്ചാണു കൊലപ്പെടുത്തിയതെന്നു വ്യക്തമായിരുന്നു. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.