സ്വന്തം ലേഖകന്മാർ
മുളങ്കുന്നത്തുകാവ്: കുരുന്നു ജീവൻ രക്ഷിക്കാനായി കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്ര വിഫലം. മുഹമ്മദ് ഹനാന്റെ കുഞ്ഞുഹൃദയം ചങ്ങരംകുളത്തെത്തിയപ്പോൾ നിലച്ചു. ഹൃദയസംബന്ധമായ അടിയന്തര ശസ്ത്രക്രിയക്കായി രണ്ടര മാസം പ്രായമായ മുഹമ്മദ് ഹനാനെ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ആംബുലൻസിൽ പോലീസിന്റെയും, ആംബുലൻസ് ഡ്രൈവർമാരുടെ വാട്സ്ആപ് ഗ്രൂപ്പിന്റെയും സഹായത്തോടെ കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. അതീവഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ ചങ്ങരംകുളത്തെ നൈൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
കണ്ണൂർ അരിന്പ്ര പാലങ്ങാട്ട് വീട്ടിൽ ഷൗക്കത്തലിയുടെയും സൽമത്തിന്റെയും രണ്ടരമാസം പ്രായമായ മുഹമ്മദ് ഹനാൻ അഞ്ചുദിവസമായി കണ്ണൂർ ധനലക്ഷ്മി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്ന കുഞ്ഞിന് അടിയന്തര ശസ്ത്രക്രിയ വേണ്ടി വന്നതിനെ തുടർന്നാണ് ശ്രീചിത്തിരയിലേക്ക് റഫർ ചെയ്തത്. ഇന്നുരാവിലെയാണ് കണ്ണൂരിൽ നിന്നു കുഞ്ഞിനെയുകൊണ്ട് തിരുവനന്തപുരത്തേക്ക് ആംബുലൻസിൽ യാത്രതിരിച്ചത്.
എയർ ആംബുലൻസ് സൗകര്യമൊന്നും ഇല്ലാത്തതുകൊണ്ട് കുഞ്ഞിനെ റോഡുമാർഗം തിരുവനന്തപുരത്ത് എത്തിക്കാനേ വഴിയുണ്ടായിരുന്നുള്ളു. കേരളത്തിലെ തകർന്നുതരിപ്പണമായ റോഡുകളും രൂക്ഷമായ ഗതാഗതക്കുരുക്കും മൂലം എങ്ങിനെ സമയത്തിന് എത്താമെന്നതായി അടുത്ത ആശങ്ക. ശ്രീചിത്തിരയിൽ എത്തിച്ചാൽ കുഞ്ഞ് രക്ഷപ്പെടുമെന്ന് ഡോക്ടർമാർ ഉറപ്പു കൊടുത്തതോടെ എങ്ങിനെയെങ്കിലും ശ്രീചിത്തിരയിലെത്തിക്കാനുള്ള ശ്രമങ്ങളിലായി രക്ഷിതാക്കളും ബന്ധുക്കളും. പോലീസുമായി ബന്ധപ്പെട്ട് സഹായം തേടുകയും ചെയ്തു.
ഇതിനിടെയാണ് കണ്ണൂരിലെ ആംബുലൻസ് ഡ്രൈവർമാർ ഇക്കാര്യമറിഞ്ഞ് തങ്ങളുടെ വാട്സാപ് ഗ്രൂപ്പിലെ അംഗങ്ങളുടെ സേവനം റോഡ് ക്ലിയർ ചെയ്യാനും വഴിയൊരുക്കാനും വേണ്ടി പ്രയോജനപ്പെടുത്താൻ തയ്യാറായത്. പോലീസിനൊപ്പം ആംബുലൻസ് ഡ്രൈവർമാർ കൂടി ഈ ദൗത്യത്തിൽ കൈകോർത്തതോടെ കണ്ണൂരിൽ നിന്നും കുഞ്ഞിനെയും കൊണ്ട് ആംബുലൻസ് രാവിലെ ഏഴിനു തന്നെ തിരുവനന്തപുരത്തേക്ക് തിരിച്ചു. ആംബുലൻസിനു മുന്നിൽ പോകുന്ന പോലീസിന്റെ പൈലറ്റ് വാഹനത്തിന് വഴി ക്ലിയർ ചെയ്തുകൊടുക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാനത്തെ ആംബുലൻസ് ഡ്രൈവമാർ ഏറ്റെടുക്കുകയായിരുന്നു.
കണ്ണൂർ-കോഴിക്കോട് റൂട്ടിലെ തിരക്കൊഴിവാക്കാനായി മൂന്ന് ആംബുലൻസുകൾ ലൈറ്റിട്ട് സൈറണ് മുഴക്കി പോലീസ് ജീപ്പിന് മുന്നിൽ പാഞ്ഞുപോയി. എന്തോ അടിയന്തര സാഹചര്യമാണെന്ന് മനസിലാക്കി വണ്ടികൾ വഴിയൊതുക്കിയതോടെ കുഞ്ഞിനെയും വഹിച്ചുള്ള ആംബുലൻസിന് തടസം കൂടാതെ ഏറെ തിരക്കേറിയ ഈ റൂട്ടിലൂടെ കടന്നുപോകാനായി. തുടർന്നുള്ള റൂട്ടുകളിലും ആംബുലൻസ് ഡ്രൈവർമാർ ആംബുലൻസുകളുമായി വഴി ഒഴിവാക്കാനായി കാത്തുനിന്നു.
ചങ്ങരകുളം മുതൽ ആലുവ വരെ അതതു മേഖലകളിലെ ആംബുലൻസ് ഡ്രൈവർമാർ റോഡിലെ തിരക്ക് ഒഴിവാക്കാൻ പോലീസിനു സഹായവുമായി തയാറായി നിന്നിരുന്നു. തൃശൂർ ജില്ലയിൽ ആംബുലൻസ് ഡ്രൈവേഴ്സ് പ്രസിഡന്റ് ഷെറിഫ് ഗൂരുവായൂർ, സെക്രട്ടറി പ്രകാശൻ അത്താണി എന്നിവരാണ് എല്ലാ സഹായങ്ങളുമായി നിന്നിരുന്നത്. തിരുവനന്തപുരത്ത് കേരള ആംബുലൻസ് ടെക്നീഷ്യൻസ് അസോസിയേഷനാണ് സേവനസഹായങ്ങളുമായി രംഗത്തുണ്ടായിരുന്നത്.
ചങ്ങരംകുളത്തെ ആശുപത്രിയിൽവച്ച് കുഞ്ഞ് മരിച്ചതോടെ കുഞ്ഞുഹൃദയത്തിന് തുണയായി വന്ന പോലീസും ആംബുലൻസ് ഡ്രൈവർമാരും എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്നു. അതുവരെയുള്ള ശ്രമം വിഫലമായി. തിരുവന്തപുരം വരെ കാത്തുനിന്നിരുന്ന ആംബുലൻസ് ഡ്രൈവർമാർക്ക് അടുത്ത വാട്സ്ആപ് സന്ദേശം വൈകാതെ കിട്ടി – ഇനി കാത്തുനിൽക്കേണ്ട… കുഞ്ഞു മരിച്ചു…