കൊച്ചിയില്‍ യൂബര്‍ ഡ്രൈവറെ ആക്രമിച്ച സീരിയല്‍ നടിക്കും കൂട്ടുകാര്‍ക്കുമെതിരേ വലിയതോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ആക്രമിച്ചവരെ രക്ഷിച്ച് ഇരയായ ഷെഫീഖിനെതിരേ കേസെടുത്ത പോലീസിനെതിരേ കോടതിയും രംഗത്തുവന്നിരുന്നു. പ്രശ്നം വലിയതോതില്‍ കത്തിക്കയറുന്നതിനിടെ മറ്റൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സീരിയല്‍ നടി എയ്ഞ്ചല്‍ മേരി. അവര്‍ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തങ്ങളുടെ ഭാഗം ന്യായീകരിക്കുന്നത് ഇങ്ങനെ-
ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ ബന്ധു ക്ലാര ഷിബിനെ കാണാന്‍ വേണ്ടിയാണ് ഞാന്‍ ഇറങ്ങിയത്. തുടര്‍ന്ന് അവള്‍ക്കൊപ്പം ഞങ്ങളുടെ പൊതുസുഹൃത്തായ മരടില്‍ താമസിക്കുന്ന ഷീജ അഫ്സലിനെ കാണാന്‍ അവരുടെ വീട്ടിലേക്ക് പോയി. നടി കൂടിയായ എനിക്ക് അവിടെനിന്ന് ഷൂട്ടിങ്ങിനായി തൃപ്പൂണിത്തുറയിലേക്കായിരുന്നു പോകേണ്ടത്. ഒപ്പം വരാമെന്ന് ക്ലാര പറഞ്ഞപ്പോള്‍ അവളെയും കൂട്ടാന്‍ തീരുമാനിച്ചു. ഷീജയാണ് യൂബര്‍ ബുക്ക് ചെയ്യാമെന്ന് പറഞ്ഞത്. സിറ്റിയില്‍ ഏറ്റവും സുരക്ഷിതം ഇത്തരം കാബുകളാണെന്ന വിശ്വാസമായിരുന്നു ഞങ്ങള്‍ക്ക്. എന്നാല്‍ റൈഡര്‍ പൂളിങ് സംവിധാനത്തെപ്പറ്റി ഞങ്ങള്‍ ആര്‍ക്കും അറിയില്ലായിരുന്നു. യൂബര്‍ പുതിയതായി തുടങ്ങിയതാണ് ഈ സംവിധാനം.
കാര്‍ വന്നപ്പോഴാണ് അതിലൊരാളെ കണ്ടത്. ഡ്രൈവറോടു ഇക്കാര്യം ചോദിച്ചു, അയാളുടെ മറുപടി അവഹേളിക്കുന്ന തരത്തിലായിരുന്നു കാബ് വേണം താനും പൂളിങ്ങിനെക്കുറിച്ച് അറിവുമില്ലേ’ എന്ന മട്ടിലൊരു ഉത്തരം. കാര്യം വ്യക്തമാകാത്ത ഞങ്ങള്‍ വീണ്ടും ഇതേക്കുറിച്ചു ചോദിച്ചു. നിങ്ങളുടെ മുന്‍പത്തെ ഓട്ടത്തിലെ യാത്രക്കാരനാണോ ഇയാള്‍, അടുത്തു വല്ലോം ഇറങ്ങുമോ’ തുടങ്ങിയ ചോദ്യങ്ങള്‍. ഡ്രൈവര്‍ ഉത്തരം നല്‍കാതെ നിശബ്ദനായി ഇരുന്നതേയുള്ളൂ. ഇതോടെ യാത്രക്കാരനോട് മുന്‍സീറ്റിലേക്ക് മാറി ഇരിക്കാമോ എന്നു ചോദിച്ചു. ഇതോടെ ഡ്രൈവര്‍ അസഭ്യം കലര്‍ന്ന ഒരു കമന്റ് പാസാക്കി. അതോടെയാണ് ഞങ്ങള്‍ ആക്രമിച്ചത്- എയ്ഞ്ചല്‍ പറയുന്നു. ആരോപണങ്ങള്‍ വിശ്വസിച്ച് ഭര്‍ത്താവ് പോലും വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുകയാണെന്നാണ് എയ്ഞ്ചല്‍ മേരി പറയുന്നത്. എന്നാല്‍ ഇവര്‍ നിരവധി പേരെ കബളിപ്പിച്ച കേസില്‍ ഉള്‍പ്പെട്ടിരുന്ന സ്ത്രീയാണെന്ന ആരോപണമുയര്‍ന്നിരുന്നു.