തിരുവനന്തപുരം: തകർന്നടിഞ്ഞ ഗുജറാത്ത് മോഡലും ഉയർത്തിപ്പിടിച്ചു കൊണ്ട് സംസ്ഥാനത്തെ അപമാനിക്കാൻ ശ്രമിച്ചാൽ അതിനെ കേരള ജനത ഒറ്റക്കെട്ടായി നേരിടുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരളത്തെ അപമാനിക്കാനുള്ള ശ്രമം തീർത്തും അപഹാസ്യമാണെന്നും കേരളത്തിനെതിരെ ബിജെപി നടത്തുന്ന ദുഷ്പ്രചാരണങ്ങൾ വിലപ്പോവില്ല എന്നതിന്റെ തെളിവാണ് കേരളത്തെ സൊമാലിയയായി ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ഉയർന്ന ജനവികാരമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അഴിമതിയും, വിലക്കയറ്റവും, ശിശുമരണങ്ങളും, റെയിൽ അപകടങ്ങളും, സാമ്പത്തിക തകർച്ചയും മുഖമുദ്രയാക്കിയ നരേന്ദ്ര മോഡി സർക്കാർ തങ്ങളുടെ പരാജയങ്ങൾ മറച്ചു പിടിക്കാൻ ആസൂത്രണം ചെയ്ത വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമായി മാത്രമേ ജനരക്ഷായാത്രയെ കാണാൻ സാധിക്കുകയുള്ളുവെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.