ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വേരോട്ടവും ആധിപത്യവും സ്ഥാപിക്കാന്‍ സാധിച്ചിട്ടും കേരളത്തില്‍ ബി.ജെ.പി പച്ചപിടിച്ചിട്ടില്ല. ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. കേരളത്തില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനായി അമിത്ഷാ നേതൃത്വം കൊടുക്കുന്ന സംഘം കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും ഫലം പരാജയമായിരിക്കുമെന്ന് അവര്‍ക്കുപോലും മനസിലാവുന്നുണ്ട്. ഇതിന് കാരണമായി പ്രമുഖ പത്ര മാധ്യമമായ ഇന്ത്യ ടുഡേ ഉയര്‍ത്തികാണിക്കുന്ന ചില കാരണങ്ങളാണ് ഇപ്പോള്‍ ബിജെപിയെ സ്‌നേഹിക്കുന്നവരുടെയും വെറുക്കുന്നവരുടെയും ചര്‍ച്ചാവിഷയമായിരിക്കുന്നത്. കേരളത്തില്‍ ബിജെപിയുടെ തളര്‍ച്ചയ്ക്ക് വഴിവയ്ക്കുന്ന കാരണങ്ങള്‍ ഇവയൊക്കെയാണെന്നാണ് ഇന്ത്യ ടുഡെ പറഞ്ഞുവയ്ക്കുന്നത്,
1)ബി.ജെ.പിയില്‍ യാതൊരു പ്രവര്‍ത്തന പരിചയവും ഇല്ലാതിരുന്ന കുമ്മനം രാജശേഖരനെ നേതൃത്വത്തിലേക്ക് കൊണ്ട് വന്നത് ബി.ജെ.പി സംസ്ഥാന ഘടകത്തിനുള്ളില്‍ എതിര്‍പ്പുയരാന്‍ കാരണമായി. പി.കെ കൃഷ്ണദാസ്, എം.ടി രമേശ്, ശോഭാസുരേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ പ്രസിഡന്റ് പദവിയില്‍ കണ്ണുനട്ടിരിക്കുമ്പോഴാണ് അമിതാഷാ കുമ്മനത്തെ ഇറക്കിയത്.
2)ജൂണില്‍ അമിത് ഷാ കേരളത്തില്‍ വന്നപ്പോള്‍ പാര്‍ട്ടിപ്രവര്‍ത്തകരില്‍ നിന്നും പ്രാദേശിക നേതാക്കളില്‍ നിന്നും തണുത്തപ്രതികരണമാണ് ലഭിച്ചിരുന്നത്. കേന്ദ്രവും സംസ്ഥാന നേതാക്കളും തമ്മിലുള്ള അകല്‍ച്ചയുടെ സൂചനയായി ഇത് വിലയിരുത്തപ്പെട്ടിരുന്നു.
3)മെഡിക്കല്‍ കോളേജ് കോഴവിവാദം ഉയര്‍ന്നുവന്നത് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി. സ്വാശ്രയ കോളേജിന് മെഡിക്കല്‍ കോളേജ് അംഗീകാരം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ബി.ജെ.പി നേതാക്കള്‍ കോഴ വാങ്ങിയെന്നാണ് ആരോപണമുയര്‍ന്നിരുന്നത്. ഇതേ തുടര്‍ന്ന് മുതിര്‍ന്ന നേതാവിനെതിരെ നടപടി സ്വീകരിക്കേണ്ടി വന്നിരുന്നു.
4)അല്‍ഫോന്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയത് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് ഇഷ്ടപ്പെട്ടിരുന്നില്ല. കണ്ണന്താനത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ സംസ്ഥാന നേതൃത്വം ആഘോഷമാക്കിയിരുന്നില്ല.
5)കണ്ണൂരില്‍ ബി.ജെ.പി ജനരക്ഷായാത്ര നടത്തിയപ്പോള്‍ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഭിന്നിപ്പ് കൂടുതല്‍ വ്യക്തമായി. ജനരക്ഷാ യാത്രയ്ക്കായി കേന്ദ്രനേതൃത്വം വിളിച്ചുവരുത്തിയ മാധ്യമപ്രവര്‍ത്തകര്‍ പയ്യന്നൂരില്‍ കുടുങ്ങിപോയിരുന്നു. ഇവര്‍ക്കായുള്ള സൗകര്യമൊരുക്കുന്നത് സംസ്ഥാന നേതൃത്വത്തിന്റെ ചുമതലയില്‍പ്പെട്ടതായിരുന്നു.