കായംകുളം: സ്കൂളിൽ പീഡനശ്രമം നടന്നതായി പോലീസിൽ പരാതി നൽകിയ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ വീടിനു നേരെ ആക്രമണം. കുട്ടിയുടെ മാതാവും പിതാവും ഉൾപ്പടെ നാലുപേർക്ക് ക്രൂരമായി മർദ്ദനമേറ്റു. ഇവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ സന്ധ്യയോടെയായിരുന്നു സംഭവം. കുട്ടിയുടെ മാതാവ്, പിതാവ്, മാതാവിന്റെ അച്ഛൻ, അമ്മ എന്നിവർക്കാണ് മർദ്ദനമേറ്റത്. പത്തോളം വരുന്ന സംഘം ഭീഷണി മുഴക്കി എത്തുകയും ക്രൂരമായി മർദിക്കുകയുമായിരുന്നെന്ന് മാതാവ് രാഷ്ട്രദീപികയോട് പറഞ്ഞു. പരാതി പിൻവലിച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന് വന്നവർ ഭീഷണി മുഴക്കിയെന്നും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും അവർ പറഞ്ഞു. ഈ സമയം കുട്ടിയും അടുത്തുണ്ടായിരുന്നു. ആക്രമണം കണ്ട് ഭയന്ന് നിലവിളിച്ച മകൾ വീടിനുള്ളിലേക്ക് ഓടിക്കയറി. മകളിപ്പോൾ ഭയന്നു കരയുകയാണെന്നും അവളെ ബന്ധുവീട്ടിലാക്കിയെന്നും മാതാവ് പറഞ്ഞു.
സംഭവത്തിൽ ഓച്ചിറ പോലീസിൽ പരാതി നൽകിയെന്നും അവർ പറഞ്ഞു. ഇന്നലെ സംഭവം നടന്ന കായംകുളത്തെ സ്കൂളിൽ രക്ഷാകർതൃ സമിതി വിളിച്ചുകൂട്ടിയിരുന്നു. കായംകുളം എസ് ഐ യുടെ സാന്നിധ്യത്തിലായിരുന്നു യോഗം. പ്രതിയെ ഉടൻ പിടികൂടുമെന്ന് പിടിഎ യോഗത്തിൽ പോലീസ് ഉറപ്പ് നൽകിയിരുന്നു. കർശന നടപടി സ്വീകരിക്കുമെന്ന് സ്കൂൾ മാനേജ്മെന്റും രക്ഷാകർത്താക്കൾക്ക് ഉറപ്പ് നൽകി. ഇതിനു ശേഷമാണ് ആക്രമണം നടന്നത്.
പിടിഎ യോഗം കഴിഞ്ഞ് വീട്ടിലേക്ക് വരുന്പോൾ ഒരു കാർ പിന്തുടർന്നതായും കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. തുടർന്ന് വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. ഇതിനിടയിൽ പീഡന ശ്രമം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്ത പോലീസ് നടപടിയിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് ആവശ്യപ്പെട്ടു.
ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രനാണ് കായംകുളം ഡിവൈഎസ്പി യോട് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.