ഹരിശ്രീ അശോകനെ എല്ലാവര്‍ക്കുമറിയാം എന്നാല്‍ ‘അമ്പ’ അശോകനെ പലര്‍ക്കുമറിയില്ല! സിനിമയിലെത്തുന്നതിന് മുമ്പ് താനെങ്ങനെയായിരുന്നെന്ന് വെളിപ്പെടുത്തി ഹരിശ്രീ അശോകന്‍

രമണന്‍ എന്ന ഒറ്റ കഥാപാത്രം മതി ഹരിശ്രീ അശോകന്‍ എന്ന നടന്റെ റേഞ്ച് മനസിലാക്കാന്‍. പഞ്ചാബി ഹൗസ് എന്ന സിനിമ പുറത്തിറങ്ങി പതിറ്റാണ്ടുകള്‍ പലതു കഴിഞ്ഞിട്ടും ഹരിശ്രീ അശോകന്‍ അനശ്വരമാക്കിയ ആ കഥാപാത്രം മലയാളി മനസില്‍ നിന്ന് പോവുന്നില്ല. കഥാപാത്രങ്ങളെ മാറ്റി നിര്‍ത്തി നോക്കിയാലും അശോകന്‍ എന്ന വ്യക്തിയ്ക്ക് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം മലയാളി കല്‍പിച്ച് നല്‍കിയിട്ടുണ്ട്. എന്നാല്‍ ബിഎംഡബ്ലു കാര്‍ വരെ സ്വന്തമാക്കിയ ഇന്നത്തെ അശോകന് മുമ്പ് പിക്കാസുമെടുത്ത് ജോലിക്കിറങ്ങിയ മറ്റൊരശോകനുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് സാക്ഷാല്‍ ഹരിശ്രീ അശോകന്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അശോകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഹരിശ്രീ അശോകന്‍ എന്ന പേര് വരുന്നത് മുമ്പ് എന്റെ പേര് അമ്പ അശോകന്‍ എന്നായിരുന്നു. പത്താം ക്ലാസ്സ് കഴിഞ്ഞതോടെ വീട്ടിലെ അവസ്ഥ കാരണം ഞാന്‍ ടെലികോമിലെ ജോലിക്ക് ഇറങ്ങി. കേബിള്‍ ഇടുന്ന ജോലിക്കാണ് ആദ്യം പോയത്. അതിനെ അമ്പയിടുന്നത് എന്നാണ് പറയുന്നത്. ഭയങ്കര ഭാരമുള്ള കേബിള്‍ ആണത്. പത്ത് ഇരുപത് ആളുകള്‍ കൂടി മണ്ണെണ്ണയൊക്കെയിട്ടാണ് വലിക്കുന്നത്. ഇപ്പോഴത്തെ പിള്ളേര്‍ക്ക് ഒന്നും ഈ അമ്പ ഇടുന്നത് എന്താണെന്ന് അറിയില്ല. അത് എല്ലാരും ഒരുമിച്ചു വലിച്ചാലേ ഒരു ഫോഴ്‌സ് ഉണ്ടാകു. അതിനു നമ്മള്‍ ഇങ്ങനെ താളത്തില്‍ ഓരോ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു കൊണ്ടിരിക്കും. അപ്പൊ വഴിയേ പോകുന്ന ആരുടെ പേര് പറഞ്ഞു വേണമെങ്കിലും നമുക്ക് അമ്പ ഇടാം. അന്ന് 1977 ല്‍ sslc പാസ്സ് ആയ ശേഷം കോളജില്‍ പോകാന്‍ നിവര്‍ത്തിയൊന്നും ഇല്ലാത്തതു കൊണ്ടാണ് ഞാന്‍ ആ ജോലിക്ക് പോയത്. Bmw കാര്‍ ഒക്കെ ആര്‍ക്കും വാങ്ങാമല്ലോ, ഞാന്‍ രക്ഷപെട്ടത് സിനിമ വഴി ആണ്. എന്റെ മക്കളോട് ഞാന്‍ രണ്ടു കാര്യങ്ങളെ പറഞ്ഞിട്ടുള്ളു. ആരെയും വാക്കുകൊണ്ട് വേദനിപ്പിക്കരുത്, കുറച്ചു ഭക്ഷണം പോലും വെറുതെ കളയരുത്. ഇത് ഞാന്‍ പഠിച്ച പാഠങ്ങളാണ്.

 

Related posts