” ഞങ്ങടെ തൊണ്ടിയിൽ പാലം ആരാണ്ടോ കട്ടോണ്ടു പോയി… ഞങ്ങക്ക് അക്കരെയെത്താൻ മാറ്റൊരു മാർഗമില്ലേ…. ‘ തലശേരി-കൊട്ടിയൂർ റൂട്ടിലെ തൊണ്ടിയിൽ പാലത്തിന്റെ നിർമാണം വൈകുന്നതിനെതിരേ നാട്ടുകാരായ യുവസംഘം പുറത്തിറക്കിയ ജിമിക്കി കമ്മൽ പതിപ്പ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ അനുഭവിക്കുന്ന യാത്രാദുരിതവും പഴയ പാലം പൊളിച്ചതിനെത്തുടർന്ന് സമാന്തരമായി ഏർപ്പെടുത്തിയ കാഞ്ഞിരപ്പുഴ- തൊണ്ടിയിൽ റോഡ് പൊട്ടിപ്പൊളിഞ്ഞതിന്റെ ദൃശ്യങ്ങളും അക്കരെയിക്കരെയായി പോയ നാടിന്റെ ദയനീയാവസ്ഥയും മൂന്നരമിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലുണ്ട്.
പലവട്ടം പരാതികളും നിവേദനങ്ങളും നൽകിയിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് സമൂഹമാധ്യമത്തിന്റെ സാധ്യത പ്രയോജനപ്പെടുത്താൻ തീരുമാനിച്ചതെന്ന് വീഡിയോയുടെ സംവിധാനവും ഗാനരചനയും ഛായാഗ്രഹണവും നിർവഹിച്ച ജോമി ജെ. മുതുകുളം പറഞ്ഞു. തകർന്നുകിടക്കുന്ന തൊണ്ടിയിൽ-കാഞ്ഞിരപ്പുഴ റോഡിലൂടെ ബൈക്കിൽ സഞ്ചരിച്ചപ്പോൾ ജോമി വെറുതെ മൂളിയ വരികളാണ് ഇപ്പോൾ ആറംഗസംഘത്തിന്റെ കൂട്ടായ്മയിൽ നാടിന്റെ സ്വരമായി മാറുന്നത്. ആദിത്യൻ കെ. ജനാർദനനാണ് ഗാനം ആലപിച്ചത്. അമൽ സ്കറിയ എഡിറ്റ് ചെയ്തു.
അഖിൽ തോമസ്, റിന്റോ മുഞ്ഞനാട്ട്, ഷിജോ പുലിക്കുഴിയിൽ എന്നിവർ സാങ്കേതികസഹായം നൽകി. ഗ്രീൻസ് ഡെക്കറേഷൻസ് നിർമാണം ഏറ്റെടുത്തപ്പോൾ ജെ.ജെ. ഫിലിംസ് സാങ്കേതിക സംവിധാനങ്ങൾ ഒരുക്കി.
ആദ്യം പാട്ട് മാത്രമായിരുന്നു സമൂഹമാധ്യമങ്ങളിൽ നൽകിയത്. ഒരാഴ്ച മുന്പായിരുന്നു അത്. “ജിമിക്കി കമ്മൽ….’എന്ന ഗാനത്തിന്റെ ഈണത്തിലുള്ള പാട്ട് അതിവേഗം ഹിറ്റായി. മൂന്ന് ദിവസത്തിനുള്ളിൽ രണ്ട് ഫേസ്ബുക്ക് പേജുകളിലായി പ്രാദേശികമായി മാത്രം 20,000 പേർ പാട്ടുകേട്ടു. ആക്ഷേപഹാസ്യവും വിമർശനവും ഉൾച്ചേരുന്ന വരികൾക്കൊപ്പം നാടിന്റെ ദുരിതാവസ്ഥ വ്യക്തമാക്കുന്ന ദൃശ്യങ്ങൾ കൂടി വേണമെന്ന് പലരും അഭിപ്രായപ്പെട്ടതോടെ ചിത്രീകരണത്തിന് ഇറങ്ങി. ഹെലികാം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി. രണ്ടുദിവസം മുന്പിറങ്ങിയ വീഡിയോ ഇതിനകം ഒരു ഫേസ്ബുക്ക് പേജിൽ മാത്രം 15,000 ആളുകൾ വീക്ഷിച്ചു. വാട്സ് ആപ്പിലും തരംഗമായിരിക്കുകയാണ്.
വർഷങ്ങൾ നീണ്ട ആവശ്യങ്ങൾക്കൊടുവിലാണ് കഴിഞ്ഞ നവംബറിൽ തൊണ്ടിയിൽ പാലം പൊളിച്ചുമാറ്റി പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചത്. മാർച്ച് 31ന് മുന്പ് പണി തീർക്കാനായിരുന്നു കരാർ. ഒരു വർഷമാകാറായിട്ടും രണ്ടുതൂണുകൾ മാത്രമാണ് പൂർത്തിയായത്. പാലം ഇല്ലാതാകുകയും ബദൽറോഡ് കനത്തമഴയിൽ തകരുകയും ചെയ്തതോടെ കുടിയേറ്റഗ്രാമം ഒറ്റപ്പെട്ട അവസ്ഥയിലാണ്. വ്യാപാരികളും ഓട്ടോതൊഴിലാളികൾ ഉൾപ്പെടെയുള്ളവരും ദുരിതത്തിലാണ്. ബദൽറോഡിലെ പാലവും തകർച്ചാഭീഷണിയിലാണ്. ജനകീയ ഹർത്താൽ ഉൾപ്പെടെ നടത്തിയിട്ടും “തട്ടുമുട്ടു’ പരിപാടികളല്ലാതെ യാതൊരു പുരോഗതിയുമില്ല. പാലം നിർമാണം ഇഴയുന്പോഴും കാഴ്ചക്കാരായി നിൽക്കുന്ന ജനപ്രതിനിധികൾക്കും രാഷ്ട്രീയനേതാക്കൾക്കും ഉദ്യോഗസ്ഥർക്കുമുള്ള മറുപടി കൂടിയാണ് വീഡിയോ.
“….ചിലരന്ന് ചാടി വാനോളം/പിന്നെ ചാടി കണ്ടില്ല/ചുമ്മാ ഊതാൻ നോക്കാതെ/തപ്പി കളിക്കാൻ നിൽക്കാതെ/വട്ടം ചുറ്റിച്ചോരെല്ലാം/വട്ടംകറങ്ങി നടക്കാതെ/പാലം കാണാൻ കൊതിയായേ/ഒന്ന് നടക്കാൻ ധൃതിയായേ/കളിവേഷം മാറ്റെടാ /ധൃതിയിൽ പണി നോക്കടാ…. ജനമിളകണ് അധികാരികളേ…’ എന്ന് ഓർമിപ്പിച്ചാണ് വീഡിയോ അവസാനിക്കുന്നത്.