സ്വന്തം ലേഖകൻ
കോഴിക്കോട്: തിരക്കുപിടിച്ച ജോലിക്കിടയിൽ നിന്നും ഓടി ഫോണ്എടുക്കുന്പോൾ കേൾക്കുന്നു സേവനദാതാക്കളുടെ ഓഫർ കോളുകൾ. ആളുകൾക്ക് ദേഷ്യം വരാൻ വേറെ എന്തെങ്കിലും കാരണം വേണോ…മെസേജ് ആണെങ്കിൽ പോട്ടെ.. ഉപയോക്താക്കളെ പിഴിയുന്നതോ പോട്ടെ ഇങ്ങനെ ബുദ്ധിമുട്ടിക്കണോ…എത്രയൊക്കെ തടയാൻശ്രമിച്ചിട്ടും മൊബൈൽ സ്പാം മെസേജുകളും കോളുകളും ഇപ്പോഴും ഉപയോക്താക്കളുടെ ഇൻബോക്സിലേക്ക് വന്നുകൊണ്ടിരിക്കുന്നു.
ട്രായ് നിർദേശത്തെ തുടർന്ന് കുറച്ചു കാലമായി കുറഞ്ഞിരുന്ന മൊബൈൽ സ്പാം മെസേജുകളും കോളുകളും വീണ്ടും വർധിക്കുന്നു. ബിസിനസ് താൽപര്യത്തോടെയുള്ളത്, ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതും തട്ടിപ്പിനിരയാക്കുന്നതുമായ മെസേജുകളും ഫോണ്‍കോളുകളും എല്ലാം നാൾക്കു നാൾ വർധിക്കുകയാണ്. ജിയോ സിം വന്നതിനു ശേഷം മറ്റു മൊബൈൽ കന്പനികൾ ഓഫറുകളുമായി വിളിക്കുന്നതും മെസേജ് അയക്കുന്നതും വർധിച്ചിരിക്കുകയാണ്. ഉപയോക്താക്കളെ തങ്ങളുടെ സേവനങ്ങൾ അറിയിച്ചു കൊടുക്കാനും മറ്റു സേവനദാതാക്കളിലേക്ക് പോകുന്നത് തടയാനുമാണ് ഇവർ ഇങ്ങനെ ചെയ്യുന്നത്. ഒരു ദിവസം മൂന്നും നാലു തവണയാണ് മൊബൈൽ കന്പനികൾ ഉപയോക്താക്കളെ വിളിക്കുന്നത്. മെസേജുകൾ വേറെയും.പലപ്പോഴും പ്രധാനപ്പെട്ട കാര്യങ്ങളിലും ജോലികളിലും ഏർപ്പെട്ടിരിക്കുന്പോഴായിരിക്കും ഇത്തരം ഫോണ്‍കോളുകൾ വരുക. ദിവസവുമുള്ള ഈ വിളികൾ ഉപഭോക്താക്കൾക്ക് തലവേദനയായിരിക്കുകയാണ്.
മൊബൈൽ കന്പനികളുടെ വിളികൾക്കും മെസേജുകൾക്കും പരസ്യമെസേജുകൾക്കും പുറമെ ‘നിങ്ങൾക്ക് 50 ലക്ഷം ലോട്ടറി അടിച്ചു, കൂടുതൽ വിവരങ്ങൾക്ക് ഒരു നന്പറിൽ വിളിക്കുക’ തുടങ്ങിയ മെസേജുകളും വരുന്നുണ്ട്. ഈ നന്പറിൽ തിരിച്ച് വിളിക്കുന്നവർക്കും മെസേജ് അയക്കുന്നവർക്കും അവരുടെ ഫോണിലെ ബാലൻസ് നഷ്ടമാകും. പലപ്പോഴും ആളുകളുടെ അറിവില്ലായ്മ കൊണ്ട് തങ്ങളുടെ ബാങ്ക്, സൗകാര്യ വിവരങ്ങൾ കൈമാറും. ഇത് ഉപയോഗിച്ച് തട്ടിപ്പുകാർ ബാങ്കിലെ പണവും അപഹരിക്കും. ധാരാളം പേരാണ് ഓരോ ദിവസവും ഇങ്ങനെ പറ്റിക്കപ്പെടുന്നത്. ഇപ്പോൾ ഗൾഫ് കോളുകൾ എന്നരീതിയിലും ഇത്തരം വിളികൾ വരുന്നു. ട്രായ് നിർദേശങ്ങൾ അവഗണിച്ചാണ് ഇത്തരം തട്ടിപ്പുകൾ അരങ്ങേറുന്നത്.സാധാരണ ഉപയോക്താക്കൾ ഇതിനെതിരേ പരാതിയുമായി രംഗത്തെത്താറില്ലഎന്നതാണ് സേവന ദാതാക്കൾക്ക് വളമാകുന്നത്.
തട്ടിപ്പുകൾ തടയാം ഇങ്ങനെ…
*എന്തെങ്കിലും സ്പാം മെസേജുകൾ ലഭിച്ചാൽ അതിനു മറുപടി അയക്കറുത്. മെസേജിൽ ഉള്ള നന്പറുകളിൽ തിരിച്ചു വിളിക്കുകയോ ചെയ്യരുത്.
*മുൻപ് സൈൻ ഇൻ ചെയ്ത പദ്ധതിയിൽ നിന്നും മെസേജുകൾ വന്നുകൊണ്ടിരിക്കും. ഇത്തരം മെസേജുകൾ അണ്‍സബ്സ്ക്രൈബ് ചെയ്യാനുള്ള ഓപ്ഷൻ മെസേജിലുണ്ടായിരിക്കും. ഇത് ഉപയോഗിച്ച് അണ്‍സബ്സ്ക്രൈബ് ചെയ്യാം
*വെബ് സൈറ്റുകളിൽ സൈൻ അപ് ചെയ്യുന്പോൾ ശ്രദ്ധിക്കണം. പലപ്പോഴും വെബ് സൈറ്റുകളുടെ സേവനം ലഭിക്കാൻ സൈൻ അപ്പ് ചെയ്യേണ്ട ആവശ്യമുണ്ടാകില്ല. ഇത്തരം സൈറ്റുകളിൽ സൈൻ അപ് ചെയ്യാതിരിക്കുക. അഥവാ സൈൻ അപ് ചെയ്യുകയാണെങ്കിൽ സബ്സ്ക്രൈബ് മെസേജുകൾ എന്ന കോളത്തിൽ ടിക് ചെയ്യാതിരിക്കുക.
ഈ മുൻ കരുതലുകൾക്ക് പുറമേ സ്പാം മെസേജുകൾ വരുന്നതുതടയാൻവേറെവഴികളും ഉണ്ട്
സ്പാം മെസേജുകൾ വരുന്ന നന്പറുകൾ ബ്ലോക്ക് ചെയ്യുക. ഇപ്പോൾ ഇറങ്ങുന്ന എല്ലാ സ്മാർട്ട് ഫോണുകളിലും ഈ സൗകര്യമുണ്ട്. അവശ്യമില്ലാത്ത മെസേജ് സെലക്ട് ചെയ്ത് ഓപ്ഷൻസ് എടുത്താൻ ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷൻ കാണാം. അതുപോലെ കോളുകളും ബ്ലോക്ക് ചെയ്യാം.
നിയമമുണ്ട് പക്ഷെ…
ഡു നോട്ട് ഡിസ്റ്റർബ് -രാജ്യത്തെ ഫോണ്‍ കന്പനികളെ നിയന്ത്രിക്കുന്ന ട്രായ് വ്യാപാര താത്പര്യത്തോടെയുള്ള മെസേജുകൾ ഒഴിക്കാനുള്ള നിയമം കൊണ്ട് വന്നിട്ടുണ്ട്. നമുക്ക് ഇത്തരം മെസേജുകളും കോളുകളും ലഭിക്കാൻ താത്പര്യമില്ലെങ്കിൽ 1909 എന്ന നന്പറിലേക്ക് ഡിഎൻഡി എന്നു മെസേജ് ചെയ്താൽ മതി. (ട്രായ് ഈ സൗകര്യം കൊണ്ട വന്നിട്ട് വർഷങ്ങൾ അയി തുടക്കത്തിൽ ഇതിനെ പറ്റി മൊബൈൽ കന്പനികൾ ഉപഭോക്താക്കൾക്ക് വിവരം നൽകിയിരുന്നെങ്കിലും പിന്നീട് ഇത്തരം വിവരങ്ങൾ നൽകുന്നതിൽ നിന്ന് വിട്ട് നിന്നു.)
അപ്ലിക്കേഷൻസ്- മെസേജുകൾ , കോളുകൾ ബ്ലോക്കു ചെയ്യാനുള്ള ധാരാളം അപ്ലിക്കേഷൻസ് ഇന്റർനെറ്റിൽ ലഭ്യമാണ്. ഈ ആപ്പുകളുടെ ഡാറ്റബേസിലുള്ള സ്പാം നന്പറുകളിൽ നിന്നുള്ള മെസേജുകൾ, കോളുകൾ ബ്ലോക്ക് ചെയ്യും. നമുക്ക് ആവശ്യമില്ലാത്ത നന്പറുകൾ സ്പാം നന്പറുകളായി ആഡ് ചെയ്യാനുള്ള സൗകര്യങ്ങളും ഇതിലുണ്ട്.
സ്പാം ബ്ലോക്കർ, ഇവോൾവ് എസ്എംഎസ്, ട്രൂകാളർ, ഡിഎൻഡി തുടങ്ങിയ അപ്ലിക്കേഷൻസ് ഇതിനായി ഉപയോഗിക്കാം. ഡിഎൻഡി അപ്പ് ട്രായിപുറത്തിറക്കിയതാണ്. ഇതിൽ നമുക്ക്് സ്പാം മെസേജുകളെയും കോളുകളെയും പറ്റി പരാതി രേഖപ്പെടുത്താനുള്ള സൗകര്യവുമുണ്ട്.