ചേർത്തല: മകന്റെ ബൈക്കിന്റെ താക്കോൽ എസ്ഐ ഉൗരിയെടുത്തെന്ന മന്ത്രിയുടെ പരാതിയിൽ ചേർത്തല ഡിവൈഎസ്പിയോട് ആലപ്പുഴ ജില്ലാ പോലീസ് മേധാവി റിപ്പോർട്ട തേടി. മന്ത്രി പി. തിലോത്തമനാണ് എസ്ഐയ്ക്ക് എതിരെ നേരിട്ട് ഡിജിപിക്ക് പരാതി നൽകിയത്. ചേർത്തല സെന്റ് മൈക്കിൾസ് കോളജിന് സമീപം ദേശീയപാതയോരത്തായിരുന്നു സംഭവം.
മന്ത്രി പി.തിലോത്തമന്റെ മകൻ അർജുൻ കോളജിൽ നിന്നു സുഹൃത്തിനൊപ്പം ബൈക്കിൽ വരവേ റോഡ് കടക്കുവാൻ എതിർദിശയിൽ നിൽക്കുകയായിരുന്ന അർജുൻ ഉൾപ്പെടെയുള്ളവരോട് വരുവാൻ എസ്ഐ ആവശ്യപ്പെട്ടെങ്കിലും മറ്റ് സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുകയായിരുന്നതിനാൽ അർജുൻ വന്നില്ല. ഇതിൽ രോഷം പൂണ്ട എസ്ഐ ബൈക്കിന്റെ താക്കോൽ ഉൗരിയെടുക്കുകയും വാഹനത്തിന്റെ രേഖകളുമായി വരാനും ആവശ്യപ്പെട്ടു.
എന്നാൽ താക്കോൽ ഉണ്ടെങ്കിലേ ബൈക്കിൽ നിന്ന് ഇവ എടുക്കുവാൻ കഴിയൂവെന്ന് പറഞ്ഞെങ്കിലും കേൾക്കാതെ എസ്ഐ താക്കോലുമായി പോയത്രേ. പിന്നാലെ അർജുനിന്റെ സുഹൃത്ത് എസ്ഐയുടെ അടുത്ത് ചെന്ന് മന്ത്രിയുടെ മകനാണെന്ന് പറഞ്ഞെങ്കിലും മോശമായി സംസാരിച്ചതായാണ് പരാതി.