തിരുവനന്തപുരം: ജാതി മാറിയതിന് എതിർപ്പ് പ്രകടിപ്പിച്ച മാതാപിതാക്കളെ മറികടന്ന് വിവാഹിതരായ ദന്പതികൾക്ക് വിവാഹ സർട്ടിഫിക്കറ്റ് നിരസിച്ച പഞ്ചായത്ത് സെക്രട്ടറി അടിയന്തിരമായി വിവാഹം രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
വലിയറത്തല സ്വദേശിയും ബിഎസ്എഫ് ഉദ്യോഗസ്ഥനുമായ യുവാവ് സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷൻ പി.മോഹനദാസിന്റെ ഉത്തരവ്. മാതാപിതാക്കൾ നൽകിയ പരാതി കണക്കിലെടുത്താണ് പഞ്ചായത്ത് സെക്രട്ടറി വിവാഹം രജിസ്റ്റർ ചെയ്യാത്തത്.
പരാതിക്കാരൻ ഇക്കഴിഞ്ഞ മേയ് 12 ന് ചെല്ലമംഗലം ക്ഷേത്രത്തിൽ സുഹൃത്തുക്കളുടെയും ക്ഷേത്രം ഭാരവാഹികളുടെയും സാന്നിധ്യത്തിൽ ഹൈന്ദവ ആചാരപ്രകാരം വിവാഹിതരായി. വിവാഹാനന്തരം സർട്ടിഫിക്കറ്റിനായി വിളവൂർക്കൽ പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകിയെങ്കിലും നിരസിച്ചു. ജോലി സ്ഥലത്ത് ഭാര്യയുമായി താമസിക്കാൻ ക്വാർട്ടേഴ്സ് അനുവദിച്ച് കിട്ടുന്നതിന് വേണ്ടിയാണ് പരാതിക്കാരൻ വിവാഹ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്.
ജാതിയുടെ പേരിൽ ഇരുവീട്ടുകാരുടെയും എതിർപ്പിനെ തുടർന്നാണ് തങ്ങൾക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാകേണ്ടി വന്നതെന്ന് പരാതിക്കാരൻ പറയുന്നു.
പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറിൽ നിന്നും കമ്മീഷൻ അന്വേഷണ റിപ്പോർട്ട് വാങ്ങിയിരുന്നു. വിവാഹം, ജനനം, മരണം രജിസ്ട്രേഷനുകൾ രജിസ്ട്രാർക്ക് സംശയാതീതമായി ബോധ്യപ്പെട്ടാൽ മാത്രമേ രജിസ്ട്രേഷൻ നടപടികൾ സ്വീകരിക്കുകയുള്ളൂവെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരന്റെ വിവാഹം സംബന്ധിച്ച് സത്യാവസ്ഥ ബോധ്യപ്പെടാത്തതു കാരണമാണ് സർട്ടിഫിക്കറ്റ് നൽകാത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ തങ്ങളുടെ എസ്എസ്എൽസി ബുക്കും ആധാറും വിവാഹക്ഷണക്കത്തും പഞ്ചായത്തിൽ സമർപ്പിച്ചിരുന്നതാണെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.
അന്വേഷണത്തിൽ പരാതിക്കാരൻ ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന് കണ്ടെ ത്തിയെന്നും വിവാഹം രജിസ്റ്റർ ചെയ്യരുതെന്ന് കാണിച്ച് മാതാപിതാക്കൾ രേഖാമൂലം അപേക്ഷ നൽകിയിരുന്നെന്നും പഞ്ചായത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ചെല്ലമംഗലം ദേവീക്ഷേത്രം അധികൃതർ നൽകിയ വിവാഹസർട്ടിഫിക്കറ്റ് പരാതിക്കാരൻ കമ്മീഷൻ മുന്പാകെ ഹാജരാക്കി. ക്ഷേത്രത്തിൽ 120 രൂപ ഒടുക്കിയതിന്റെ രസീതും താലികെട്ടുന്ന ചിത്രങ്ങളും ഹാജരാക്കി.
വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചു വിവാഹിതരായി എന്ന കാരണത്താൽ രേഖകൾ വ്യാജമാണന്ന് പറഞ്ഞ് വിവാഹം രജിസ്റ്റർ ചെയ്യാത്ത നടപടി തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പരാതിക്കാരനും ഭാര്യയും ഹിന്ദുമതവിശ്വാസികളാണ്. ഹിന്ദുമതാചാര പ്രകാരമാണ് വിവാഹം നടന്നത്. ഇക്കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടും വിവാഹം രജിസ്റ്റർ ചെയ്യാത്ത വിളവൂർക്കൽ പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി മനുഷ്യാവകാശ ലംഘനവും നീതിനിഷേധവുമാണെന്ന് കമ്മീഷൻ ചൂണ്ടികാണിച്ചു. കമ്മീഷൻ ഉത്തരവ് ലഭിച്ചാലുടൻ വിവാഹം രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് നൽകണമെന്ന് കമ്മീഷൻ നിർദേശിച്ചു.