മരട്: സ്കൂട്ടറിൽ അമ്മയുടെ പിന്നിലിരുന്നു യാത്രചെയ്ത മകൻ ടിപ്പറിടിച്ച് മരിച്ചു. മരട് ടികെഎസ് റോഡ് അയ്യപ്പലെയ്നിൽ കൃഷ്ണേന്ദുവിൽ വിനോദ്കുമാർ-രാജി ദന്പതികളുടെ മകൻ വിശാൽ വി. നായർ (12) ആണ് മരിച്ചത്. മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.
ടിപ്പറിടിച്ച് റോഡിൽ വീണുകിടന്ന വിശാലിനെ അവിചാരിതമായി അതുവഴി വന്ന അച്ഛൻ വിനോദ്കുമാർതന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്.ടിപ്പർ ലോറിയുടെ ഡ്രൈവർ പെരുന്പാവൂർ സ്വദേശി അമലി(22)നെ തൃപ്പൂണിത്തുറ ട്രാഫിക് പോലീസ് അറസ്റ്റു ചെയ്തു. വാഹനവും കസ്റ്റഡിയിൽ എടുത്തു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മരട് കാളാത്ര ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ ആയിരുന്നു അപകടം.
കുണ്ടന്നൂർ ഭാഗത്തു നിന്നു വരികയായിരുന്ന സ്കൂട്ടറിൽ അമിത വേഗത്തിലെത്തിയ ടിപ്പർ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. അമ്മ രാജി ഓടിച്ചിരുന്ന സ്കൂട്ടറിനു പിന്നിൽ ഇരുന്നായിരുന്നു വിശാൽ യാത്ര ചെയ്തിരുന്നത്. ദേശീയ പാതയിൽ നിന്ന് ഇടറോഡായ ടികെഎസ് റോഡിലേക്കു തിരിയാൻ നിൽക്കുന്ന സമയം പിന്നിൽ നിന്നു വന്ന ടിപ്പർ തട്ടുകയായിരുന്നു. കാളാത്ര ജംഗ്ഷനിലെ കുഴിയിൽ വീഴാതിരിക്കാൻ ഒതുക്കിയപ്പോഴാണ് ടിപ്പർ തട്ടിയത്.
സ്കൂട്ടറും രാജിയും ഇടതു വശത്തേക്കും വിശാൽ വലതു ഭാഗത്തേക്കുമാണ് തെറിച്ചു വീണത്. റോഡിൽ കിടന്ന വിശാലിനെ അതുവഴി അവിചാരിതമായി എത്തിയ സ്വന്തം അച്ഛൻ വിനോദ്കുമാർ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ വിശാൽ ഏറെ താമസിയാതെ മരിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. വിഷ്ണു (പത്താം ക്ലാസ് വിദ്യാർഥി)വാണ് വിശാലിന്റെ സഹോദരൻ.