കോപ്പൻഹേഗൻ: ഡെന്മാർക്കിലെ കിറുക്കൻ ഗവേഷകൻ പീറ്റർ മാഡ്സനെ അഭിമുഖം ചെയ്യാൻ പോയതിനെത്തുടർന്നു കാണാതായ സ്വീഡിഷ് മാധ്യമപ്രവർത്തക കിം വാളി(30)ന്റെ തലയും രണ്ടു കൈകളും ഛേദിക്കപ്പെട്ട നിലയിൽ കടലിനടിയിൽനിന്ന് പോലീസ് കണ്ടെടുത്തു.
ശരീരാവശിഷ്ടങ്ങൾ കിമ്മിന്റേതു തന്നെയാണെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. ലൈംഗികവൈകൃതങ്ങളിൽ ആകൃഷ്ടനായിരുന്ന മാഡ്സൻ മാധ്യമപ്രവർത്തകയെ കൊന്നു കഷണങ്ങളാക്കി കടലിലെറിഞ്ഞുവെന്നാണ് പോലീസ് നിഗമനം. നാല്പതുകാരനായ മാഡ്സൻ കസ്റ്റഡിയിലാണ്.
ബാഗുകളിലാണ് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മാധ്യമപ്രവർത്തകയുടെ വസ്ത്രങ്ങളും ഇതിലുണ്ടായിരുന്നു. ബാഗ് പൊങ്ങിവരാതിരിക്കാൻ ലോഹക്കഷണങ്ങളുമുണ്ടായിരുന്നു.
ഗാർഡിയൻ, ന്യൂയോർക്ക് ടൈംസ് തുടങ്ങിയ പത്രങ്ങളിൽ എഴുതിയിരുന്ന ഫ്രീലാൻസ് മാധ്യമപ്രവർത്തകയായിരുന്നു കിം. മാഡ്സനെക്കുറിച്ചുള്ള ലേഖനം തയാറാക്കാനുള്ള ഒരുക്കത്തിലായിരുന്നു ഇവർ. സ്വകാര്യ ബഹിരാകാശ യാത്ര ലക്ഷ്യമിട്ട് റോക്കറ്റ് വരെ വിക്ഷേപിച്ചിട്ടുണ്ട് മാഡ്സൻ.
മാഡ്സൻ സ്വന്തമായി നിർമിച്ച അന്തർവാഹിനിയിൽ ഓഗസ്റ്റ് ആദ്യം അഭിമുഖത്തിനു പോയ കിമ്മിനെക്കുറിച്ച് പിന്നെ വിവരം ലഭിച്ചില്ല. ഓഗസ്റ്റ് 11ന് മാഡ്സനെ കസ്റ്റഡിയിലെടുത്തു. കിമ്മിന്റെ തലയും കൈകളുമില്ലാത്ത മൃതദേഹം ഓഗസ്റ്റ് 21ന് കടലിൽ ഒഴുകിനടന്ന നിലയിൽ കണ്ടെത്തി.
അന്തർവാഹിനിയിലെ 70 കിലോ ഭാരമുള്ള വാതിൽ തലയിൽ വീണാണ് കിം മരിച്ചതെന്ന് മാഡ്സൻ പറയുന്നു. പരിഭ്രാന്തനായതിനെ തുടർന്ന് മൃതദേഹം കടലിലെറിഞ്ഞുവെന്നും പറയുന്നു.
എന്നാൽ തലയിൽ നടത്തിയ പരിശോധനയിൽ ഒരുവിധ പരിക്കുകളും കണ്ടെത്താനായില്ല. അതേസമയം, നേരത്തേ കണ്ടെത്തിയ കബന്ധത്തിൽ നടത്തിയ പരിശോധനയിൽ സ്വകാര്യഭാഗങ്ങളിൽ ക്ഷതങ്ങൾ കണ്ടെത്തി. ലൈംഗിക വൈകൃതങ്ങളുടെ വീഡിയോകൾ ഉൾപ്പെടുന്ന ഹാർഡ് ഡിസ്കും മാഡ്സന്റെ വർക്ഷോപ്പിൽനിന്നു കണ്ടെത്തി. എന്നാൽ, ഇതു തന്റേതല്ലെന്ന് മാഡ്സൻ പറയുന്നു.
നോട്ടിലസ് എന്ന പേരിലുള്ള മാഡ്സന്റെ അന്തർവാഹിനി ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ അന്തർവാഹിനിയാണ്.