മകന്റെ സുഹൃത്തെന്നു പറഞ്ഞെത്തിയ യുവാക്കള്‍ വയോധികയോടു ചെയ്തത് ഞെട്ടിപ്പിക്കുന്നത്; ഒടുവില്‍ ഉണ്ടായിരുന്ന സ്വര്‍ണവും കവര്‍ന്ന് സ്ഥലം കാലിയാക്കി; ചെങ്ങന്നൂരില്‍ നടന്നത് ഇതൊക്കെ…

ചെങ്ങന്നൂര്‍: മകന്റെ സുഹൃത്തെന്ന വ്യാജേനയെത്തിയ യുവാക്കള്‍ വയോധികയെ കബളിപ്പിച്ച് മൂന്നു പവന്റെ സ്വര്‍ണം കവര്‍ന്നു. കൊഴുവല്ലൂര്‍ സ്വദേശിനിയായ അറുപതുകാരിയുടെ മാലയും ലോക്കറ്റും ഉള്‍പ്പെടെയാണ് അപഹരിച്ചത്. ഒരാഴ്ച മുമ്പ് ഫോണില്‍ ഒരാള്‍ വിളിച്ച് വിദേശത്തു ജോലിയുള്ള മകന്റെ സുഹൃത്താണെന്ന് പരിചയപ്പെടുത്തി. മകന്റെ കുടുംബത്തെക്കുറിച്ചും വീട്ടിലുള്ള മറ്റു കാര്യങ്ങളെക്കുറിച്ചും വിശദമായി അന്വേഷിക്കുകയും മകന്റെ ജോലിസ്ഥലത്തുനിന്ന് കഴിഞ്ഞ ദിവസം എത്തിയ ആളാണെന്ന് പരിചയപ്പെടുത്തുകയും ചെയ്തു. തന്റെ കൈവശം മകന്‍ അഞ്ചു ലക്ഷം രൂപ തന്നയച്ചിട്ടുണ്ടെന്നും അതു വാങ്ങാന്‍ തിരുവല്ലയില്‍ എത്താനും നിര്‍ദേശിച്ചു.

പണത്തിന്റെ വിവരം മകന്റെ ഭാര്യയോടോ മറ്റു മക്കളോടോ വെളിപ്പെടുത്തരുതെന്നും അമ്മയുടെ അക്കൗണ്ടില്‍ ബാങ്കില്‍ രഹസ്യമായി അടയ്ക്കണമെന്ന് പറഞ്ഞതായി ഇയാള്‍ പറഞ്ഞു. ഇതോടെ രഹസ്യമായി പണം വാങ്ങാന്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ എത്തിയ വയോധികയെ യുവാവ് വീണ്ടും ഫോണില്‍ ബന്ധപ്പെട്ടു. ഇവരെ തിരിച്ചറിയുന്നതിനായി സമീപത്തെ കടയില്‍ നിന്നും ഒരു കുപ്പി തണുത്ത വെള്ളം വാങ്ങി പാര്‍ക്കിങ് ഗ്രൗണ്ടില്‍ നില്‍ക്കാന്‍ നിര്‍ദേശിച്ചു.

വയോധിക വെള്ളവും വാങ്ങി കാത്തുനില്‍ക്കവെ ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ അടുത്തെത്തി പണവുമായി എത്തിയതാണെന്നും ബാങ്കില്‍ അടയ്ക്കാന്‍ അക്കൗണ്ട് നമ്പരും മറ്റു വിവരങ്ങളും ആവശ്യപ്പെടുകയും ചെയ്തു. അല്‍പം കഴിഞ്ഞ് മടങ്ങിയെത്തി പണം അടയ്ക്കണമെങ്കില്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങണമെന്നും അതിനായി പണം വേണമെന്നും ആവശ്യപ്പെട്ടു. അവര്‍ കൈയിലുണ്ടായിരുന്ന താലിമാല യുവാക്കള്‍ക്ക് ഊരി നല്‍കി പണയംവച്ച് പണം ബാങ്കില്‍ അക്കൗണ്ട് തുടങ്ങാന്‍ നിര്‍ദേശിച്ചു. സ്വര്‍ണം കൈയില്‍ കിട്ടിയ യുവാക്കള്‍ ഇതോടെ രക്ഷപ്പെടുകയും ചെയ്തു. ഏറെനേരം കാത്തുനിന്നിട്ടും യുവാക്കള്‍ മടങ്ങിവരാതായതോടെ പരിഭ്രാന്തയായ ഇവര്‍ മക്കളെ ഫോണില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി.

 

Related posts