കോല്‍ക്കത്ത/ ഗോഹട്ടി: അണ്ടര്‍ 17 ലോകകപ്പില്‍ ഫ്രാന്‍സിനും ഇംഗ്ലണ്ടിനും ജപ്പാനും വിജയത്തുടക്കം. ഇംഗ്ലണ്ട് എതിരില്ലാത്ത നാലു ഗോളിനു ചിലിയെയും ഫ്രാന്‍സ് ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്ക് ന്യൂകാലിഡോണിയയെയും പരാജയപ്പെടുത്തി.
ആദ്യ പകുതിയില്‍തന്നെ ആറു ഗോളുകള്‍ ഫ്രഞ്ചുകാരുടെ അക്കൗണ്ടിലായി. ഇതില്‍ രണ്ടെണ്ണം ന്യൂകാലിഡോണിയക്കാരുടെ സെൽഫ് ഗോളായായിരുന്നു. സൂപ്പര്‍താരം അമിനെ ഗൊയൂരിയി രണ്ടു ഗോളുകള്‍ നേടി. 20, 33 മിനിറ്റുകളിലായിരുന്നു ഗോള്‍.
ബെര്‍ണാര്‍ഡ് ഇവ (5)യുടെ സെല്‍ഫ് ഗോളില്‍ ഫ്രാന്‍സ് മുന്നിലെത്തി. ക്ലോഡിയോ ഗോമസ് (30), മാക്സെന്‍സ് ക്വാറെസ്റ്റ് (40) എന്നിവരുടെ ഗോളുകൾ. ആദ്യ പകുതി തീരും മുമ്പ് വീണ്ടും സെല്‍ഫ് ഗോള്‍ ഇത്തവണ കിയാം വനേസെ (43) വകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഫ്രാന്‍സിനു ലഭിച്ച പെനാല്‍റ്റി ക്വാറെസ്റ്റിനു വലയിലാക്കാനായില്ല.
അടുത്ത ഗോള്‍ നേടാന്‍ ഫ്രാന്‍സിനു ഇഞ്ചുറി ടൈം വരെ കാത്തിരിക്കേണ്ടിവന്നു. വില്‍സണ്‍ ഇസിഡറുടെ വകയായിരുന്നു ഗോള്‍. അതിനു തൊട്ടു മുമ്പ് ന്യൂകാലിഡോണിയ ഒരു ഗോളടിച്ച് ആശ്വാസം കണ്ടു. സിദിരി വഡഞ്ചസായിരുന്നു ആശ്വാസ ഗോള്‍ നേടിയത്. തൊട്ടടുത്ത മിനിറ്റില്‍ ഫ്രാന്‍സ് വീണ്ടും എതിരാളികളെ ശിക്ഷിച്ചു. ഇതോടെ 7-1 ന്റെ ഗംഭീര വിജയവുമായി ഫ്രഞ്ച് കുട്ടികള്‍ കളംവിട്ടു.
ചിലിയെ നാണംകെടുത്തിയ പ്രകടനമാണ് ഇംഗ്ലണ്ട് നടത്തിയത്. കളിയുടെ അഞ്ചാം മിനിറ്റില്‍തന്നെ ഇംഗ്ലീഷുകാര്‍ ചിലിയൻ വലയില്‍ ഗോള്‍ നിക്ഷേപം ആരംഭിച്ചു. ഹഡ്സണ്‍ ഓഡോയിയുടെ ബൂട്ടാണ് ലക്ഷ്യം കണ്ടത്.
ആദ്യ പകുതിയില്‍ ഒരു ഗോള്‍ മാത്രം വഴങ്ങി ചിലി പിടിച്ചുനിന്നെങ്കിലും രണ്ടാം പകുതിയില്‍ ഇംഗ്ലീഷുകാരുടെ ആക്രമണത്തില്‍ പ്രതിരോധം ചിന്നഭിന്നമായി. ജോര്‍ദാന്‍ സാഞ്ചോ 51-ാം മിനിറ്റിലും 60-ാം മിനിറ്റിലും ചിലിയുടെ വലകുലുക്കി. 81-ാം മിനിറ്റില്‍ ഏഞ്ചല്‍ ഗോമസ് ചിലിയുടെ വലയില്‍ അവസാന ഗോളും നിറച്ചു.
കിറ്റോ നകാമുറയുടെ ഹാട്രിക്കില്‍ ജപ്പാന് ആദ്യ മത്സരത്തില്‍ ഹോണ്ടുറാസിനെ 6-1ന് തോല്‍പ്പിച്ചു. ആദ്യ പകുതിയിലായിരുന്നു ഹാട്രിക്. ടൂര്‍ണമെന്റിലെ ആദ്യ ഹാട്രിക്കായിരുന്നു. ആദ്യ പകുതിയില്‍തന്നെ ജപ്പാന് നാലു ഗോള്‍ നേടി. 22, 30, 43 മിനിറ്റുകളിലായിരുന്നു നകാമുറയുടെ ഗോളുകള്‍. തെക്ഫുസാ കുബോ (45), തായ്സീ മിയാഷിറോ (51), ടോയിചി സുസുക്കി (90) എന്നിവരാണ് മറ്റ് ഗോള്‍ നേട്ടക്കാര്‍. 36-ാം മിനിറ്റില്‍ പാട്രിക് പലാസിയോസ് ഹോണ്ടുറാസിനായി വലകുലുക്കി.
ഗ്രൂപ്പ് എഫില്‍ ഇറാക്ക്-മെക്സിക്കോ മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു. സൂപ്പര്‍ താരം ദാവൂദ് മുഹമ്മദ് 16-ാം മിനിറ്റില്‍ ഇറാക്കിനു ലീഡ് നല്കി. എന്നാല്‍ 51-ാം മിനിറ്റില്‍ റോബര്‍ട്ടോ കാര്‍ലോസ് ഡി ലാ റോസ മെക്സിക്കോയുടെ സമനില ഗോള്‍ നേടി.