മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഇന്നു കലാശക്കൊട്ട്. ആവേശക്കൊടുമുടിയില്‍ വേങ്ങരയുടെ രാഷ്ട്രീയ മനസും തിളച്ചു മറിയുകയാണ്. പരസ്യ പ്രചാരണം ടോപ്പ്ഗിയറിലാണ്. വൈകിട്ട് ആറുവരെയാണ് പരസ്യപ്രചാരണം. നാളെ നിശബ്ദപ്രചാരണത്തിന്റെ ദിവസമാണ്. കര്‍ശനനിയന്ത്രണങ്ങളോടെയാണ് കലാശക്കൊട്ട് നടക്കുക.
കുത്തകമണ്ഡലത്തിലെ വിജയത്തില്‍ ആശങ്കകളില്ലെങ്കിലും കളം നിറഞ്ഞായിരുന്നു മുസ്്ലിം ലീഗ് പോരാട്ടത്തിനു ചൂട് പകര്‍ന്നത്. ലീഗിന്റെ ഭൂരിപക്ഷത്തില്‍ വന്വോട്ടുചോര്ച്ചയാണ് എല്‍ഡിഎഫ് ഉറപ്പിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലീഗിന് ലഭിച്ചത് 38,057 വോട്ടിന്റെ ഭൂരിപക്ഷമാണ്. എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ മുറുമുറുപ്പുകള്‍ ലീഗിനു തലവേദന സൃഷ്ടിക്കുന്നുണ്ട്. മുസ്ലിം ലീഗിന്റെ സര്‍വസന്നാഹങ്ങളുമായാണ് സ്ഥാനാര്‍ഥി കെ.എന്‍.എ.ഖാദര്‍ പ്രചാരണരംഗത്തുണ്ടായിരുന്നത്.
പാര്‍ട്ടിയില്‍ എതിര്‍പ്പുകളുണ്ടെന്ന പ്രചാരണത്തെത്തുടര്‍ന്നു പി.കെ.കുഞ്ഞാലിക്കുട്ടിയെ തന്നെ മുന്നില്‍ നിര്‍ത്തിയായിരുന്നു കെ.എന്‍.എ.ഖാദറിന്റെ നീക്കങ്ങള്‍. സ്ഥാനാര്‍ഥിത്വം സമ്മര്‍ദം ചെലുത്തി നേടിയതാണെന്ന പ്രചാരണം ശക്തമായിരുന്നു. വിമത സ്ഥാനാര്‍ഥി കെ.ഹംസയുടെ സാന്നിധ്യവും യൂത്ത് ലീഗുകാരുടെ പരിഭവവും ലീഗിനു ആശങ്കയുണ്ടാക്കുന്നുണ്ട്. പാര്‍ട്ടിയിലെ പ്രവര്‍ത്തകരെ ഒരുമിച്ചുനിര്‍ത്താനും വോട്ടൊന്നും ചോരാതെ വിധത്തില്‍ പഴുതടച്ച പ്രവര്‍ത്തനങ്ങളുമായാണ് കെ.എന്‍.എ.ഖാദര്‍ മുന്നേറിയത്.
വലിയ അത്ഭുതമൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം പകുതിയായെങ്കിലും കുറയ്ക്കാനായാല്‍ വന്‍നേട്ടമാണെന്നും എല്‍ഡിഎഫ് വിലയിരുത്തുന്നു. കഴിഞ്ഞ തവണ മത്സരിച്ച പി.പി.ബഷീറിന്റെ ജനസമ്മതി ഇത്തവണ വര്‍ധിച്ചിട്ടുണ്ടെന്നും പാര്‍ട്ടി വിലയിരുത്തുന്നു. കഴിഞ്ഞ തവണ പി.പി.ബഷീറിന് കിട്ടിയത് 34,124 വോട്ടുകളാണ്. കനത്തപോരാട്ടം തന്നെ ഇത്തവണ കാഴ്ചവയ്ക്കാനാകുമെന്നും പാര്‍ട്ടി കരുതുന്നു.
സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും പ്രവാസികള്‍ക്കായി ചെയ്ത കാര്യങ്ങളും സോളാര്‍ അഴിമതിയുമാണ് എല്‍ഡിഎഫിന്റെ പ്രചാരണ വിഷയം. പി.കെ.കുഞ്ഞാലിക്കുട്ടിയെ ലോക്സഭയിലേക്ക് അയയ്ക്കാനായി അടിച്ചേല്‍പ്പിച്ച തെരഞ്ഞെടുപ്പാണിതെന്ന് എല്‍ഡിഎഫ് പ്രചാരണത്തില്‍ ഉയര്‍ത്തിക്കാട്ടുന്നു.
മണ്ഡലത്തിലെ സാന്നിധ്യം വര്‍ധിപ്പിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നാണ് ബിജെപി സ്ഥാനാര്‍ഥി കെ.ജനചന്ദ്രന്റെ അവകാശവാദം. കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷക്ഷേമപദ്ധതികള്‍ പരമാവധി ഉയര്‍ത്തിക്കാട്ടിയും സംസ്ഥാനഭരണത്തിനെതിരെ ആഞ്ഞടിച്ചും ബിജെപിയും സജീവമായിരുന്നു. കഴിഞ്ഞതവണ മത്സരിച്ച ബിജെപിയുടെ പി.ടി.അലി ഹാജിക്ക് 7,055 വോട്ടുകളാണ് ലഭിച്ചത്.
പ്രാദേശിക വികസനത്തിലൂന്നിയ പ്രചാരണ വിഷയങ്ങള്‍ അവസാന റൗണ്ടില്‍ ദേശീയ വിഷയങ്ങളിലേക്ക് വഴിമാറുകയായിരുന്നു. ജനരക്ഷാ യാത്രയോടനുബന്ധിച്ച് ബിജെപിയും സിപിഎമ്മും തമ്മിലുള്ള വാക്പോരാണ് പ്രചാരണവിഷയം മാറ്റിമറിച്ചത്. പ്രമുഖനേതാക്കളുടെ സാന്നിധ്യവും അവസാനവട്ടപ്രചാരണത്തിനു കൊഴുപ്പേകി.പ്രവാസിവോട്ടും തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. 18,862 പ്രവാസികളാണ് മണ്ഡലത്തിലുള്ളത്.
മൊത്തം 1.70 ലക്ഷം വോട്ടര്‍മാര്‍. 148 പോളിംഗ് സ്റ്റേഷനുകള്‍. ഇതില്‍ അഞ്ചു വനിതാ ബൂത്തുകള്‍. പൂര്‍ണമായും വിവിപാറ്റ് ഉപയോഗിക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണിത്. 11നാണ് തെരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം 15നാണ്.