മലയാളികള്‍ മനസില്‍ പ്രത്യേകം സ്ഥാനം നല്‍കി ആദരിച്ചുപോന്ന അഭിനേത്രിയാണ് കല്‍പ്പന. സ്ത്രീകള്‍ കടന്നുവരാന്‍ എക്കാലത്തും മടിച്ചും നാണിച്ചും നിന്ന മലയാള ഹാസ്യരംഗത്തേയ്ക്ക് ആദ്യമായി കടന്നുവന്നത് കല്‍പ്പനയാണ്. ജഗതി, ജഗദീഷ് തുടങ്ങിയവര്‍ക്കൊപ്പം ഹാസ്യരംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട കല്‍പ്പന, അവര്‍ക്കൊപ്പം അല്ലെങ്കില്‍ അവരേക്കാള്‍ മുന്നിലാവുകയാണുണ്ടായത്. ഹാസ്യ രംഗങ്ങളില്‍ നിന്ന് കാരക്ടര്‍ റോളുകളിലേയ്ക്ക് പതിയെ കൂടുമാറിയ കല്‍പ്പന മികച്ച സഹനടിയ്ക്കുള്ള ദേശീയ അവാര്‍ഡ് പോലും കരസ്ഥമാക്കുകയുണ്ടായി. എന്നാല്‍ വളരെ അപ്രതീക്ഷിതമായാണ് കല്‍പ്പനയുടെ മരണമെത്തിയത്. മലയാളിയെ ഏറെ ദുഃഖത്തിലാക്കിയ മറ്റൊരു വിടവാങ്ങലായിരുന്നു അത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്‌ളൂര്‍ ഡേയ്‌സ് കല്‍പ്പന അവസാനം ചെയ്ത ചിത്രങ്ങളിലൊന്നായിരുന്നു. ആ സമയത്ത് കല്‍പ്പനയുമായുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് സംവിധായിക അഞ്ജലി മോനോന്‍. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലി ഇക്കാര്യം വ്യക്തമാക്കിയത്.
ഷൂട്ടിംഗില്‍ മുഴുവന്‍ സമയത്തും കല്‍പ്പന അസ്വസ്ഥയായിരുന്നു. സാധാരണഗതിയില്‍ അങ്ങനെയായിരുന്നില്ല. അതാണ് എല്ലാവരും പ്രത്യേകം ശ്രദ്ധിക്കാനുണ്ടായ കാരണം. ചിത്രീകരണം തുടരുന്നതിനിടയില്‍ കല്‍പ്പന വല്ലാതെ വിഷമിച്ചിരുന്നു. ഇടക്ക് ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നുപറയുകയും ചെയ്തിരുന്നു. എന്നാല്‍ അതൊന്നും കണക്കിലെടുക്കാതെ ചിത്രീകരണം തുടരാന്‍ സമ്മതിക്കുകയായിരുന്നു. പലപ്പോഴൂം ബുദ്ധിമുട്ടുകള്‍ മൂലം ചില ഷോട്ടുകള്‍ നിരവധി തവണ റിഹേഴ്‌സല്‍ നടത്തിയതിന് ശേഷമാണ് ചിത്രീകരിച്ചിരുന്നത്. നിവിന്‍ പോളി, ഫഹദ് ഫാസില്‍, പാര്‍വതി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവര്‍ക്കൊപ്പം ശക്തമായ കഥാപാത്രമായി കല്‍പ്പനയും ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തില്‍ വേഷമിട്ടിരുന്നു. നിവിന്‍ പോളിയുടെ അമ്മ വേഷത്തിലാണ് കല്‍പ്പന ചിത്രത്തില്‍ എത്തിയത്. ഈ ചിത്രത്തിന് ശേഷം ദൂല്‍ഖറിനൊപ്പം ചാര്‍ലിയിലും കല്‍പ്പന വേഷമിട്ടിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു കല്‍പ്പനയുടെ വിടവാങ്ങല്‍. ഞങ്ങള്‍ക്കെല്ലാവര്‍ക്കും അത് വലിയ ഷോക്കായിരുന്നു. കുറേ ദിവസങ്ങളെടുത്തു അവര്‍ മരിച്ചു എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍.