ഹൈദരാബാദ്: വിവാഹത്തിന് പുതുമയാർന്ന വസ്ത്രങ്ങൾ ധരിച്ച് പലരും ശ്രദ്ധനേടാൻ ശ്രമിക്കാറുണ്ട്. പക്ഷേ ആന്ധ്രാപ്രദേശിലെ ഗോദാവരിയിൽ നടന്ന ഒരു വിവാഹം ഈ ഭാവനകൾക്കെല്ലാം അപ്പുറമാണ്. ഹിന്ദു പുരാണ കഥാപാത്രങ്ങളുടെ വേഷഭൂഷാദികളോടെയാണ് വരനും വധുവും ബന്ധുക്കളും വിവാഹവേദിയിൽ എത്തിയത്.
ആൾദൈവമായ ശ്രീധർ സ്വാമിയുടെ മകളുടെ വിവാഹമാണ് ഏവരുടേയും ശ്രദ്ധ ആകർഷിച്ചത്. ഗോദാവരി ജില്ലയിലെ ചെറുപ്രദേശമായ താനൂക്കിലാണ് വിവാഹം നടന്നത്. വരൻ വിഷ്ണു ഭഗവാന്റെ വേഷത്തിലും വധു ലക്ഷ്മി ദേവിയുടെ വേഷത്തിലുമായിരുന്നു.
അതേസമയം, സ്വാമിയും ഭാര്യയും സ്വർണാഭരണ വിഭൂഷിതരായി രാജകീയ വേഷത്തിലാണ് എത്തിയത്. ബന്ധുക്കളും കുട്ടികളും വരെ കിരീടം ധരിച്ചും സ്വർണ്ണ മാലകൾ ധരിച്ചും എത്തിയതോടെ വിവാഹം ഗംഭീരമായി. ആൾദൈവത്തിന്റെ മകളുടെ ആഡംബര വിവാഹത്തെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.