ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലൂടെ ലോകമെന്പാടുമുള്ള സിനിമാപ്രേമികളുടെ മനസിൽ ഇടംപിടിച്ച താരജോഡികളായ പ്രഭാസും അനുഷ്ക ഷെട്ടിയും വിവാഹിതരാകുന്നുവെന്ന് അടുത്തിടെ വാർത്തകൾ സജീവമായിരുന്നു. ഡിസംബറിൽ ഇവരുടെ വിവാഹ നിശ്ചയം നടക്കുമെന്നാണ് ഏറ്റവുമൊടുവിലത്തെ റിപ്പോർട്ടുകളിൽ പറയുന്നത്. പ്രഭാസും അനുഷ്കയും പ്രണയത്തിലാണെന്ന് വളരെ നേരത്തേ ഗോസിപ്പുകളുണ്ടായിരുന്നു. എന്നാൽ പലപ്പോഴും ഇരുവരും മൗനം പാലിക്കുകയായിരുന്നു. എന്നാലിപ്പോൾ, അനുഷ്കയുമായുള്ള വിവാഹ വാർത്ത തള്ളാതെയും കൊള്ളാതെയും പ്രഭാസ് രംഗത്ത് എത്തിയിരിക്കുകയാണ്.
‘ഒന്പതു വർഷമായി നല്ല സുഹൃത്തുക്കളാണ് ഞാനും അനുഷ്കയും. ഗോസിപ്പുകൾക്ക് അവസരം ഉണ്ടാക്കരുതെന്ന് ഇരുവരും നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണ്. ഇരുവരും ഒരു കുടുംബത്തെ പോലെയാണ്. പ്രണയത്തിലാണെന്ന ഗോസിപ്പുകൾ വന്നപ്പോൾ ഞങ്ങൾക്കിടയിൽ എന്തെങ്കിലും ഉണ്ടോയെന്ന് ഞാൻ അദ്ഭുതപ്പെട്ടുപോയി. ഞങ്ങൾക്കിടയിൽ ഒന്നുമില്ല. വിവാഹം എന്റെ സ്വകാര്യതയാണ്. അതിനെ നിങ്ങൾ മാനിക്കണം. വിവാഹം തീരുമാനിക്കുന്പോൾ എല്ലാവരേയും അറിയിക്കും – പ്രഭാസ് പറയുന്നു.