ഗോഹട്ടി: തടയാനാകാത്ത ആത്മവീര്യവുമായി ബര്‍സാപര സ്റ്റേഡിയത്തിലേക്ക് ഇന്ത്യ ഇന്നു കാലെടുത്തു വയ്ക്കുന്നത് പരമ്പര പിടിക്കുക എന്ന ഒറ്റ ലക്ഷ്യവുമായി. പരമ്പര നേട്ടങ്ങളുടെ ആവര്‍ത്തനത്തിന് ഇന്ത്യ കോപ്പു കൂട്ടുമ്പോള്‍ ഓസ്ട്രേലിയക്കിത് ജീവന്മരണ പോരാട്ടമാണ്.
ട്വന്റി 20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിൽ ഇന്ന് പരാജയപ്പെട്ടാല്‍ പരമ്പര നഷ്ടമാകുമെന്നതിനാല്‍ ഓസീസിനും പൊരുതിക്കളിച്ചേ മതിയാകൂ. ജയിച്ചാല്‍ പരമ്പര നേട്ടത്തിനുള്ള സാധ്യതയും ഇതുവരെയുള്ള പരാജയങ്ങള്‍ സമ്മാനിച്ച നാണക്കേടില്‍ നിന്ന് തെല്ലാശ്വാസവും ഓസ്ട്രേലിയയെ കാത്തിരിക്കുന്നു. ഇപ്പോള്‍ 1-0 എന്ന നിലയില്‍ ഇന്ത്യ ലീഡ് ചെയ്യുകയാണ്.
റാഞ്ചിയില്‍ നടന്ന ആദ്യമത്സരത്തില്‍ ഒന്‍പത് വിക്കറ്റിനാണ് കോഹ്ലിപ്പട ഓസ്ട്രേലിയയെ തറപറ്റിച്ചത്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി 20 പരമ്പരകളുടെ ചരിത്രം പരിശോധിച്ചാല്‍ കൂടുതല്‍ വിജയം ഇന്ത്യന്‍ പക്ഷത്താണ്. 14 മത്സരങ്ങളില്‍ പത്തിലും ഇന്ത്യ വിജയം കൈയടക്കി. 2012 സെപ്റ്റംബര്‍ 28 മുതല്‍ ഇതുവരെ ഒരു ട്വന്റി 20 മത്സരങ്ങളിലും ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടിട്ടില്ല.
ഇന്ത്യന്‍ പര്യടനത്തില്‍ ഓസ്ട്രേലിയയ്ക്ക് ഏറ്റവും ഭീഷണിയായത് സ്പിന്‍ ദ്വയം കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാഹലുമാണ്. നാല് ഏകദിനങ്ങളിലും ഒരു ട്വന്റി 20യിലുമായി 16 വിക്കറ്റുകളാണ് രണ്ടു പേരും ചേര്‍ന്ന് വീഴ്ത്തിയത്. രണ്ടു പേരുടെയും ബോളിന്റെ സ്വഭാവം വായിച്ചെടുക്കാന്‍ ഓസീസ് ബാറ്റ്സ്മാന്മാര്ക്ക് കഴിയുന്നില്ലെന്നതാണ് സത്യം.
ഓസ്ട്രേലിയന്‍ ബാറ്റിംഗിന്റെ കരുത്തായി വിശേഷിപ്പിക്കപ്പെടുന്ന വാര്‍ണര്‍, ഫിഞ്ച്, സ്മിത്ത് ത്രയങ്ങളില്‍ നായകന് കൂടിയായ സ്മിത്ത് തോളിലെ പരിക്കു മൂലം പരമ്പരയില്‍ നിന്നു പിന്മാറി നാട്ടിലേക്ക് മടങ്ങിയതോടെ ടീമിന്റെ ചിറകൊടിഞ്ഞ അവസ്ഥയാണ്. ഗ്ലെന്‍ മാക്സ്വെല് ഫോം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ഓസീസ്. മൂന്ന് ഏകദിനങ്ങളിലും ആദ്യ ട്വന്റി 20യിലും വളരെ ദാരുണമായ പ്രകടനമായിരുന്നു മാക്സ്വെൽ കാഴ്ച വച്ചത്.
അകാ ബര്‍സാപരാ സ്റ്റേഡിയം മുമ്പ് ചില സര്‍പ്രൈസുകള്‍ക്ക് വേദിയായിട്ടുണ്ട്. കഴിഞ്ഞ രഞ്ജി സീസണില്‍ ഹിമാചല്‍പ്രദേശ് വെറും 36 റണ്‍സ് മാത്രം വഴങ്ങി ഹൈദരാബാദിനെ പുറത്താക്കിയത് ഇതേ സ്റ്റേഡിയത്തിലായിരുന്നു. 2000 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ രഞ്ജി സ്കോറാണ് ഇത്.