കുടുംബാംഗങ്ങളെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടു എടിഎം കാര്‍ഡുമായി കറങ്ങാനിറങ്ങിയ ‘പയ്യന്’ ഏറെനേരം ആശങ്ക പരത്തിയതിനു ശേഷം കുടുങ്ങി. വീട്ടുകാരെ പൂട്ടിയിട്ട് എടിഎമ്മുമായി കറങ്ങിയ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ മുങ്ങല്‍ പൊലീസിനെയും ബന്ധുക്കളെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയത് മണിക്കൂറുകളാണ്. എംടിഎമ്മിലൂടെ പണം പിന്‍വലിച്ചതു മനസ്സിലാക്കിയ പൊലീസ് അര്‍ധരാത്രി കുട്ടിയെ കണ്ടെത്തി. ഞായറാഴ്ച വൈകിട്ടു 4.30നാണു മാര്‍ക്കറ്റ് റോഡിലെ പാര്‍പ്പിട സമുച്ചയത്തില്‍ താമസിക്കുന്ന കുട്ടിയെ കാണാതായത്. തൃപ്പൂണിത്തുറയിലെ സ്വകാര്യ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കുട്ടിയെ കാണാതായ വിവരം ഏഴുമണിയോടെ ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു.
സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ഹോട്ടലുകള്‍, ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകള്‍ എന്നിവിടങ്ങളില്‍ പൊലീസ് വിവരം അറിയിച്ചു. മാതാപിതാക്കളുടെ മൊബൈല്‍ ഫോണ്‍ കുട്ടി കൊണ്ടുപോയിരുന്നില്ല. എന്നാല്‍ എടിഎം കാര്‍ഡ് കൈവശമെടുത്തിരുന്നതിനാല് ഒരു മണിക്കൂര്‍ ഇടവിട്ട് ഈ കാര്‍ഡ് ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ ബാങ്കിന്റെ സഹകരണത്തോടെ പൊലീസ് പരിശോധിച്ചു. രാത്രി 9.30നു നഗരത്തിലെ മാളില്‍ സിനിമാ ടിക്കറ്റ് എടുക്കാന്‍ കുട്ടി എടിഎം കാര്‍ഡ് ഉപയോഗിച്ചതായി വിവരം ലഭിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. അപ്പോഴേക്കും കുട്ടി സമീപത്തെ ആഡംബര ഹോട്ടലില്‍ ഭക്ഷണം കഴിച്ചശേഷം മുറിയെടുക്കാന്‍ ശ്രമം നടത്തിയിരുന്നു. ഈ ഹോട്ടലിലെത്തിയ പൊലീസ് അര്‍ധരാത്രി 12 മണിയോടെ കുട്ടിയെ കണ്ടെത്തി മാതാപിതാക്കള്‍ക്കു കൈമാറി.