പത്തനംതിട്ട: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് ലഭിക്കുന്ന കുട്ടികൾക്കെല്ലാം ഇക്കൊല്ലം മുതൽ ഒറ്റത്തവണ സ്കോളർഷിപ്പ് നൽകും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ഒഴിവാക്കി എ ഗ്രേഡുകാർക്കു മുഴുവൻ സ്കോളർഷിപ്പും സർട്ടിഫിക്കറ്റും നൽകുമെന്നു പരിഷ്കരിച്ച മാന്വൽ.
എ ഗ്രേഡിന് നൂറിൽ 80 മാർക്ക് വാങ്ങിയിരിക്കണം. 70നും 79നും ഇടയിൽ മാർക്ക് ലഭിക്കുന്നവർക്ക് ബി ഗ്രേഡും 60 നും 69നും ഇടയിൽ മാർക്കുള്ളവർക്ക് സി ഗ്രേഡുമാണു ലഭിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എല്ലാ വിഭാഗത്തിലും 10 മാർക്കു വീതം വർധന.
അപ്പീൽതുക കൂട്ടി
കലോത്സവത്തിന്റെ അപ്പീൽ നിരക്കിലും വർധനയുണ്ട്. ഉപജില്ലാ കലോത്സവത്തിന് അപ്പീൽ നൽകുന്പോൾ 1,000 രൂപയും ജില്ലാ കലോത്സവത്തിന് 2,000 രൂപയുമാണ് ഇനി കെട്ടിവയ്ക്കേണ്ടത്. ഘോഷയാത്രകൾ ഒഴിവാക്കി കലോത്സവവേദിക്കു സമീപം സാംസ്കാരിക ദൃശ്യവിസ്മയം തീർക്കും. ജില്ലാ കലോത്സവം നവംബറിൽ തീർക്കണം. ഹരിത പ്രോട്ടോക്കോൾ ഇത്തവണ കലോത്സവങ്ങൾക്കു ബാധകമാക്കുകയും ഇതിനായി പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു. മത്സരഇനങ്ങളിൽ ചിലതിന് നേരത്തെയുണ്ടായിരുന്ന ആണ്, പെണ് വ്യത്യാസം ഇക്കൊല്ലം മുതൽ ഒഴിവാക്കും. പൊതുമത്സരങ്ങളാക്കി മാറ്റും.
വിധികർത്താക്കൾക്കും പിടി
വിധികർത്താക്കളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടു കർശന നിർദേശം നൽകിയിട്ടുണ്ട്. പ്രാവീണ്യമുള്ളവരുടെ അപേക്ഷ സ്വീകരിച്ചു തെരഞ്ഞെടുക്കും. ഉപജില്ലാതലം മുതൽ ഇതു പാലിക്കും. രണ്ടു വർഷത്തിൽ കൂടുതൽ ഒരേ ഇനത്തിൽ ഒരു ജില്ലയിൽ വിധികർത്താവാകാൻ പാടില്ല. ജില്ലാതല മത്സരങ്ങളിൽ അതതു ജില്ലക്കാരെ വിധികർത്താക്കളാക്കരുത്.
കുട്ടികൾക്കു പിരിവില്ല
കലോത്സവ നടത്തിപ്പിലേക്കു കുട്ടികളിൽനിന്നുള്ള പിരിവ് ഒഴിവാക്കും. അതേസമയം, സ്കൂൾ പിടിഎകൾ ഉപജില്ലാ കലോത്സവം മുതൽ സംഭാവന നൽകണം. നേരത്തെയും ഇതേ രീതിയിലായിരുന്നു പണപ്പിരിവെന്ന് അധ്യാപക സംഘടനകൾ പറയുന്നു. 1,000ൽ താഴെ കുട്ടികളുള്ള ഹൈസ്കൂളുകളിൽനിന്ന് 500 രൂപയും ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്ന് 750 രൂപയും 1000നു മുകളിൽ കുട്ടികളുള്ള ഹൈസ്കൂളുകളിൽ നിന്ന് 750 രൂപയും ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽനിന്ന് 1,000 രൂപയും നൽകാനാണ് നിർദേശം. യുപി സ്കൂളുകൾ 400 രൂപ നൽകണം. എൽപി സ്കൂളുകൾ പണം നൽകാൻ ആവശ്യപ്പെട്ടിട്ടില്ല.
എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികളിൽനിന്നു പണപ്പിരിവ് ഒഴിവാക്കിയിരിക്കുകയാണ്. എന്നാൽ, പിടിഎ ഫണ്ട് പ്രധാനമായും രക്ഷകർത്താക്കളിൽനിന്നു കുട്ടികൾ മുഖേന സമാഹരിക്കുന്നതാണെന്നാണ് അധ്യാപക സംഘടനകൾ പറയുന്നത്.