കടുത്തുരുത്തി: ജീപ്പില്ല, കടുത്തുരുത്തിയിൽ പോലീസിന്റെ കൃത്യനിർവഹണം സ്കൂട്ടറിന്റെ സഹായത്തോടെ. രണ്ട് ജീപ്പുകളാണ് കടുത്തുരുത്തി പോലീസിന് ഉണ്ടായിരുന്നതെങ്കിലും ഇതിൽ ഒന്ന് ഗിയർ തകരാറിലായതിനെ തുടർന്ന് നാളുകളായി കോട്ടയത്ത് എആർ ക്യാന്പിലെ വർക്ക് ഷോപ്പിലാണ്. ഉണ്ടായിരുന്ന ജീപ്പുകളിൽ കൊള്ളാവുന്ന ജീപ്പായിരുന്നു ഇതെന്നു പോലീസുകാർ പറയുന്നു.
ഗിയർ ബോക്സിൽ വെള്ളം കയറിയാണ് തകരാർ സംഭവിച്ചതെന്നും ഇതിന് കാരണം ശ്രദ്ധകുറവാണെന്നും ചൂണ്ടിക്കാണിച്ചു ഡ്രൈവർക്ക് മെമ്മോ നൽകിയതായും അറിയുന്നു. പലപ്പോഴും ജീപ്പ് തകരാറിലാവുന്പോൾ ലോക്കൽ വർക്ക് ഷോപ്പുകളിലാണ് നന്നാക്കിയിരുന്നത്. എന്നാൽ ഇങ്ങനെ പുറത്തെ വർക്ക് ഷോപ്പുകളിൽ നന്നാക്കുന്ന ജീപ്പിന്റെ പണിക്കൂലി പോലീസുകാർ തന്നെ കണ്ടെത്തി നൽകേണ്ടതുണ്ട്. ഇക്കുറി ഈ സാഹസത്തിന് പോലീസ് തയാറായില്ല.
കണ്ടം ചെയ്യാറായ രണ്ടാമത്തെ ജീപ്പുമായിട്ടാണ് ഇപ്പോൾ സ്റ്റേഷന്റെ പ്രവർത്തനം. എന്നാൽ ജീവഭയമുള്ള പോലീസുകാർ ഈ ജീപ്പിൽ കേറാൻ മടിക്കുകയാണ്. പട്രോളിംഗ് നടത്തുന്നതിനിടെ കുറുപ്പന്തറ ഭാഗത്ത് വച്ചു ആകിസിൽ ഒടിഞ്ഞു കട്ടപ്പുറത്തായ ജീപ്പാണിത്. പിന്നീട് വെൽഡ് ചെയ്തും മറ്റും ഈ ജീപ്പ് താൽക്കാലികമായി ഓടിക്കാവുന്ന പരുവത്തിലാക്കിയിരിക്കുകയാണ്.
കുറച്ചുനാൾ കുറവിലങ്ങാട് പോലീസിന്റെ സ്റ്റെപ്പിനി ജീപ്പ് കടുത്തുരുത്തിയിലെ ഉപയോഗത്തിനായി ലഭ്യമാക്കിയിരുന്നു. എന്നാൽ ഇതു പിന്നീട് മടക്കി കൊടുക്കേണ്ടി വന്നു. ആക്രമണങ്ങളോ, അപകടങ്ങളോ, മോഷണമോ എന്നിങ്ങനെ പോലീസ് ഉടൻ എത്തിച്ചേരേണ്ട സന്ദർഭങ്ങളിൽ സംഭവസ്ഥലത്ത് എത്തണമെങ്കിൽ പോലീസിന് ഇപ്പോൾ മറ്റാരുടെയെങ്കിലും സഹായം വേണം.
പലപ്പോഴും എഎസ്ഐമാരുടെ നേതൃത്വത്തിൽ പോലീസ് ജീപ്പിൽ ഒരു സംഘം സ്ഥലത്തേക്ക് പോവുകയും എസ്ഐയും മറ്റൊരും പോലീസുകാരനും സ്കൂട്ടറിൽ പുറകെ സ്ഥലത്ത് എത്തുകയുമാണ് ചെയ്യുന്നത്.കടുത്തുരുത്തി കൂടാതെ കല്ലറ, മാഞ്ഞൂർ, ഞീഴൂർ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന വലിയൊരു പരിധിയുള്ള സ്റ്റേഷനായ കടുത്തുരുത്തിയിൽ ജീപ്പില്ലാത്തത് ഏറേ ബുദ്ധിമുട്ടുകളാണുണ്ടാക്കുന്നത്.
മന്ത്രിമാർക്കും മറ്റു വിഐപികൾക്കും എസ്കോർട്ട് നൽകുന്നതും പലപ്പോഴും കടുത്തുരുത്തി പോലീസിന്റെ ജീപ്പുപയോഗിച്ചായിരുന്നു. വർക്ക്ഷോപ്പിലുള്ള ജീപ്പ് നന്നാക്കി കിട്ടിയാലും രണ്ട് ജീപ്പുകളുടെയും അവസ്ഥ പരിതാപകരമായതിനാൽ ഇവയുമായി എത്രകാലം മുന്നോട്ട് പോകാൻ കഴിയുമെന്ന ആശങ്കയിലാണ് പോലീസുകാർ. ഇക്കാര്യത്തിൽ ഉന്നതത്തിൽ നിന്നും നടപടിയുണ്ടായാലേ പ്രശ്നത്തിന് പരിഹാരമുണ്ടാകുവെന്നാണ് പോലീസുകാർ പറയുന്നത്.