മൂവാറ്റുപുഴ: സർക്കാർ മാറിയതോടെ വള്ളിക്കട പാലത്തിന്റെ നിർമാണവും അനിശ്ചിതത്വത്തിലായി.ആരക്കുഴ-ആവോലി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വള്ളിക്കട കടവിൽ പാലം നിർമിക്കണമെന്ന ആവശ്യമുയർന്നിട്ട് വർഷങ്ങളായി. നിർമാണം വൈകുന്നതുമൂലം വിദ്യാർഥികൾ ഉൾപ്പെടെയുള്ള നൂറുകണക്കിനു യാത്രക്കാരാണു ബുദ്ധിമുട്ടുന്നത്.
പൊതുമരാമത്തു വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന കടത്തു സർവീസാണ് നാട്ടുകാരുടെ ഏക ആശ്രയം. മഴക്കാലമായാൽ പുഴയിൽ വെള്ളം ഉയരുന്നതോടെ ജീവൻ പണയം വച്ചാണു യാത്ര. ഇരു പഞ്ചായത്തുകളിലുമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നടുക്കര പൈനാപ്പിൾ ഫാക്ടറി, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്.
കടത്തു സർവീസില്ലെങ്കിൽ 10 കിലോമീറ്ററോളം സഞ്ചരിച്ചു വേണം ലക്ഷ്യസ്ഥാനത്തെത്താൻ. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്തു നാട്ടുകാർ നൽകിയ നിവേദനത്തെത്തുടർന്നു മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ മുൻകൈയെടുത്ത് പാലം നിർമിക്കാൻ ശ്രമം ആരംഭിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് 14 കോടിയുടെ ബജറ്റാണ് തയാറാക്കിയിരുന്നത്.
ആദ്യഘട്ടത്തിൽ പാലം നിർമാണം സംബന്ധിച്ച് പഠനം നടത്താൻ പണം ബജറ്റിൽ വകയിരുത്തിയിരുന്നു.
എന്നാൽ ഭരണം മാറിയതോടെ പാലം നിർമാണത്തിനുള്ള നടപടികൾ ചുവപ്പു നാടയിൽ കുരുങ്ങി. പാലം പൂർത്തിയായാൽ ഇരു പഞ്ചായത്തിന്റെയും വികസനത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടാകുമായിരുന്നു. പാലത്തിനു പുറമെ പെരുവംമുഴി-ആവോലി പുതിയ ബൈപ്പാസ് റോഡും പൂർത്തിയാകുമെന്ന പ്രതീക്ഷയും ജനങ്ങൾക്കുണ്ടായിരുന്നു.
തൊടുപുഴ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് മൂവാറ്റുപുഴ നഗരത്തിൽ പ്രവേശിക്കാതെ എറണാകുളം റോഡിൽ പ്രവേശിക്കാൻ ബൈപ്പാസ് റോഡ് പ്രയോജനപ്പെടും. രണ്ടു പഞ്ചായത്തുകളിലെയും നൂറുകണക്കിനു കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന പാലം നിർമാണം യാഥാർഥ്യമാക്കാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.