കോഴിക്കോട്: കേരളത്തിൽ ഇതര സംസ്ഥാന തൊഴിലാളികളെ കൊല്ലാൻ കേരള സർക്കാർ ഉത്തരവിറക്കി എന്ന തരത്തിൽ വ്യാജ വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന്റെ ഉറവിടം കണ്ടെത്താൻ പോലീസിന് സാധിക്കാതെ വന്നതോടെ സംഭവത്തിൽ ദുരൂഹത തുടരുന്നു.
നിലവിൽ വിഷയം അത്ര കാര്യമായി എടുക്കേണ്ടെന്ന നിലപാടിലാണ് പോലീസിലെ ഒരു വിഭാഗം. കേരളത്തിൽ നിന്നും തിരികേ പോയവർ തിരിച്ചെത്തുമോ എന്നറിയാൻ ദീപാവലി വരെ കാത്തിരിക്കാമെന്ന നിലപാടിലാണ് പല ഉദ്യോഗസ്ഥരും. ഇതരസംസ്ഥാന തൊഴിലാളികളെ വച്ച് വിവിധ ജോലികൾ എടുപ്പിക്കുന്ന കരാറുകാരും ദീപാവലിക്കുള്ള ഇവരുടെ നാട്ടിലേക്കുളള പോക്ക് പതിവുളളതാണെന്നു പറയുന്നു. മാത്രമല്ല, എത്ര ഇതരസംസ്ഥാന തൊഴിലാളികൾ സംസ്ഥാനത്ത് ജോലിചെയ്യുന്നു എന്ന കണക്ക് അധികൃതരുടെ കൈവശമില്ല.
മുന്പ് പലവിധത്തിലളള സർവേ നടന്നിരുന്നുവെങ്കിലും അതെല്ലാം പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുകയായിരുന്നു. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് പലർക്കും ഇപ്പോൾ തന്നെ ജോലി കുറവാണ്. ഹോട്ടലുകളിലും മറ്റും ജോലി എടുക്കുന്നവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ജിഎസ്ടി വന്നതോടെ ചിലവു കുറയ്ക്കാൻ ഹോട്ടലുടമകളും ഇവരെ ഒഴിവാക്കി.