രണ്ടു വയസുള്ളപ്പോള്‍ ഓരോ ദിവസവും പുകച്ചു തീര്‍ത്തത് 40 സിഗരറ്റുകള്‍; ചെയിന്‍ സ്‌മോക്കറായിരുന്ന ഇന്തോനേഷ്യന്‍ ബാലന്‍ അല്‍ദിയുടെ ഇപ്പോഴത്തെ ജീവിതം എങ്ങനെയെന്നറിയാം…

ഇന്തോനേഷ്യന്‍ ബാലന്‍ അല്‍ദി വാര്‍ത്തകളില്‍ ഇടംപിടിച്ചത് സിഗരറ്റ് വലിക്കുന്നതിലൂടെയായിരുന്നു. ചെയിന്‍ സ്‌മോക്കറായിരുന്ന അല്‍ദി വെറും രണ്ടു വയസുള്ളപ്പോള്‍ ദിവസവും പുകച്ചു തള്ളിയിരുന്നത് 40ല്‍ അധികം സിഗരറ്റുകളാണ്. രണ്ടു വയസുകാരന്റെ ഈ ദുശ്ശീലം കണ്ട് തളര്‍ന്നു പോയ ഒരാളായിരുന്നു അല്‍ദിയയുടെ അമ്മ. മകനെ ഒരിക്കലും ഇനി പഴയ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാന്‍ ആവില്ലെന്ന് ആ അമ്മ വിശ്വസിച്ചു. സിഗരറ്റു കിട്ടാത്തപ്പോള്‍ അക്രമാസക്തനാകുന്ന മകനു മുമ്പില്‍ എല്ലാം സഹിക്കാന്‍ മാത്രമേ ഇവര്‍ക്ക് കഴിയുമായിരുന്നുള്ളൂ.

എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇന്ന് പുകവലിക്കെതിരെ ഇന്തോനേഷ്യയില്‍ ശബ്ദമുയര്‍ത്തുന്നത് ഇപ്പോള്‍ എട്ടുവയസുള്ള അല്‍ദി തന്നെയാണ്. പുകവലി ഉപേക്ഷിക്കാനുള്ള തന്റെ ആ തീരുമാനം വളരെ കഠിനം തന്നെയായിരുന്നുവെന്ന് അല്‍ദിയ പറയുന്നു. സിഗരറ്റ് വലിച്ചില്ലെങ്കില്‍ വായ്ക്കകത്ത് കയ്പ്പും തലകറക്കവും ഉണ്ടാകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ സന്തോഷവാനാണെന്നും ഊര്‍ജസ്വലനാണെന്നും അല്‍ദി വ്യക്തമാക്കി.

അല്‍ദിയെ ഈ നിലയിലെത്തിക്കാന്‍ വര്‍ഷങ്ങളുടെ പരിശ്രമം വേണ്ടിവന്നെന്ന് ചൈല്‍ഡ് സൈക്കോളജിസ്റ്റ് ഡോ. സിറ്റോ മുല്യാഡി പറയുന്നു. പുകയില ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കുന്ന നിലയിലെത്തിയപ്പോള്‍ ആഹാരം ധാരാളം കഴിക്കുന്ന ശീലം തുടങ്ങി. ഇതാകട്ടെ അവനെ പൊണ്ണത്തടിയനാക്കുകയും ചെയ്തു. ഇതു നിയന്ത്രിക്കാനായി രണ്ടാംഘട്ട ചികിത്സയും നടത്തി. അല്‍ദിയുടെ കാര്യത്തില്‍ അവന്റെ പ്രായവും ബുദ്ധിയുമാണ് ചികിത്സ വിജയകരമാക്കിയതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ആയാസം കൂടുതലുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിട്ട് വലിക്കുന്ന സിഗരറ്റുകളുടെ എണ്ണം കുറച്ചു. മൂന്നു വയസ്സില്‍ അവന്‍ നാലു പായ്ക്കറ്റ് സിഗരറ്റ് വരെ ഒരു ദിവസം വലിച്ചിരുന്നു.

അല്‍ദിയുടെ അമ്മയ്ക്ക് മാര്‍ക്കറ്റില്‍ പച്ചക്കറി വില്‍പ്പനയായിരുന്നു തൊഴില്‍. മാര്‍ക്കറ്റില്‍ പോകുമ്പോള്‍ കുഞ്ഞ് അല്‍ദിയെയും ഇവര്‍ ഒപ്പം കൂട്ടാറുണ്ടായിരുന്നു. അവിടെയുള്ള ആളുകളാണ് പുക വലിക്കാന്‍ കുഞ്ഞിനെ പഠിപ്പിച്ചത്. അവിടെ നിന്ന് അവന് സിഗരറ്റും ധാരാളം ലഭിച്ചു. സിഗരറ്റ് കിട്ടാതിരുന്നാല്‍ ദേഷ്യം വരുന്ന സ്വഭാവമായിരുന്നു, തല ചുമരിലിട്ട് ഇടിക്കും. സ്വയം മുറിവുകള്‍ ഏല്‍പ്പിക്കും. ഇതെല്ലാം കാരണം തന്നെ ഒരു ചീത്ത അമ്മയായാണ് എല്ലാവരും കാണുന്നതെന്നും അല്‍ദിയുടെ അമ്മ പറയുന്നു. സിഗരറ്റു വാങ്ങാന്‍ പണം നല്‍കിയില്ലെങ്കില്‍ അല്‍ദി ഉപദ്രവിക്കുമായിരുന്നെന്നും അവന്‍ മരിക്കുമോ എന്ന പേടി തനിക്കുണ്ടായിരുന്നുവെന്നും ആ അമ്മ പറയുന്നു. ഇതെല്ലാം അമ്മ പറയുമ്പോള്‍ അല്‍ദി ഒന്നുംമിണ്ടാതെ കേട്ടിരിക്കുന്നു. ഇന്തോനേഷ്യയില്‍ ഏതാണ്ട് 2,67000 കുട്ടികള്‍ ഇപ്പോഴും പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് അടിമകളാണെന്നാണ് കണക്കുകള്‍ പറയുന്നത്.

 

Related posts